മേഖാലയയിലും നാഗാലാന്‍ഡിലും നാളെ വോട്ടെടുപ്പ് ; ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയോടെ ബിജെപി

ഇരു സംസ്ഥാനങ്ങളിലെയും 60 അസംബ്ലി സീറ്റുകളില്‍ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
മേഖാലയയിലും നാഗാലാന്‍ഡിലും നാളെ വോട്ടെടുപ്പ് ; ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയോടെ ബിജെപി


ഷില്ലോംഗ് :  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഖാലയയിലും നാഗാലാന്‍ഡിലും സംസ്ഥാന നിയമസഭയിലേക്ക് നാളെ വിധിയെഴുത്ത്. ഇരു സംസ്ഥാനങ്ങളിലെയും 60 അസംബ്ലി സീറ്റുകളില്‍ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലുവരെയാണ് പോളിംഗ്. വിഘടനവാദ പ്രശ്‌നങ്ങളുള്ള ചില പ്രദേശങ്ങലില്‍ വോട്ടെടുപ്പ് മൂന്നു മണിയ്ക്ക് അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. 

സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മേഖാലയയിലെ വില്യംനഗറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു. എന്‍സിപി സ്ഥാനാര്‍ത്ഥി ജൊനാഥന്‍ എന്‍ സാംഗ്മയാണ് ഫെബ്രുവരി 18 ന് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വില്യംനഗര്‍ ഒഴിച്ച് സംസ്ഥാനത്തെ 59 മണ്ഡലങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. നാഗാലാന്‍ഡില്‍ നോര്‍ത്തേണ്‍ അംഗാമി മണ്ഡലത്തില്‍ മല്‍സരിച്ച എന്‍ഡിപിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ നെഫ്യൂറിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  

മേഖാലയയില്‍ 18.4 ലക്ഷം പേരും, നാഗാലാന്‍ഡില്‍ 11,91,513 വോട്ടര്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മേഖാലയയില്‍ 3083 പോളിംഗ് സ്‌റ്റേഷനുകളും, നാഗാലാന്‍ഡില്‍ 2156 പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവയ്ക്ക് പിന്നാലെ, മേഖാലയയിലും നാഗാലാന്‍ഡിലും അധികാരം പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. അതേസമയം തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും രംഗത്തിറങ്ങുന്നതോടെ കടുത്ത മല്‍സരത്തിനാണ് വേദിയാകുന്നത്. 

മേഖാലയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മയുടെ മകന്‍ കോണ്‍റാഡ് സാംഗ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി നെഫ്യൂറിയോയുടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി സഖ്യത്തിലാണ് ബിജെപി മല്‍സരിക്കുന്നത്. 40 സീറ്റില്‍ എന്‍ഡിപിപിയും 20 സീറ്റില്‍ ബിജെപിയും ജനവിധി തേടുന്നു. മറ്റൊരു സംസ്ഥാനമായ ത്രിപുരയില്‍ ഈ മാസം 18 ന് വോട്ടെടുപ്പ് നടന്നിരുന്നു. മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന് നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com