മോദി നേരിട്ടുവിളിച്ചു; തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപിക്കൊപ്പം

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രചാരണ തന്ത്രങ്ങളുടെ സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും മോദി ക്യാമ്പിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്
മോദി നേരിട്ടുവിളിച്ചു; തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപിക്കൊപ്പം

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രചാരണ തന്ത്രങ്ങളുടെ സൂത്രധാരന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും മോദി ക്യാമ്പിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോറെ ബിജെപി് സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 


2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ പിന്നീട് ബിജെപി വിട്ടുപോയിരുന്നു. തുടര്‍ന്ന് ബിജെപിയുടെ എതിരാളികളായ ബീഹാറിലെ മഹാസഖ്യത്തിനുവേണ്ടിയും കോണ്‍ഗ്രസിനു വേണ്ടിയും അദ്ദേഹം രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായവ്യത്യാസമാണ് ബിജെപി വിടുന്നതിലേയ്ക്ക് നയിച്ചതെന്ന് അന്ന്് റിപ്പോര്‍ട്ടുണ്ടായിരുന്നു.

2014ല്‍ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടി ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പ്രശാന്ത് കിഷോര്‍ വഹിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഈ സേവനം അനിവാര്യമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വീണ്ടും സമീപിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ച ഘടകമെന്നാണ് വിവരം.


കഴിഞ്ഞ ആറു മാസമായി മോദിയും പ്രശാന്ത് കിഷോറും തമ്മില്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്നതായാണ് സൂചന. ഇതിന്റെ തുടര്‍ച്ചയായാണ് മോദിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായോ എന്നു വ്യക്തമല്ല.

2014ലേതുപോലെതന്നെ മോദിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടി വോട്ടു നേടുക എന്ന തന്ത്രംതന്നെയാണ് അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി പയറ്റുക. തിരിച്ചുവരികയാണെങ്കില്‍ പ്രശാന്ത് കിഷോര്‍ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ബ്രാന്‍ഡിങ്ങുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. 

മോദിയുമായി പിരിഞ്ഞതിന് ശേഷം ബീഹാറില്‍ മഹാസഖ്യം രൂപികരിക്കുന്നതില്‍ നീതിഷ് കുമാറിനെ പ്രശാന്ത് കിഷോര്‍ സഹായിച്ചു. 2015ല്‍ കോണ്‍ഗ്രസും- ആര്‍ജെഡിയും- ജെഡിയുവും അടങ്ങുന്ന സഖ്യം ബീഹാറില്‍ വിജയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോയ പ്രശാന്ത് കിഷോറിന് പ്രതീക്ഷിച്ച നേട്ടം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സമ്മിശ്ര പ്രതികരണമാണ് കോണ്‍ഗ്രസില്‍ നിന്നുമുണ്ടായത്. 

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നു. ന്നാല്‍ യുപിയില്‍ സമാജ് വാദി  പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജനവിധി തേടിയത് ദുരന്തമായി മാറി. ഇതോടെ കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഹകരിച്ചുവരുന്നതിനിടെയാണ് ബിജെപിയുമായി വീണ്ടും അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com