ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം, ദുബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു, മൃതദേഹം വിട്ടുനല്‍കി

ബോധരഹിതയായി ബാത് ടബില്‍ വീണ്, ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം, ദുബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു, മൃതദേഹം വിട്ടുനല്‍കി

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. അബദ്ധത്തിലുള്ള മുങ്ങിമരണമാണ് സംഭവിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ച പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

രണ്ടു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന് തടസം  നീങ്ങിയത്. ശനിയാഴ്ച രാത്രി ദുബൈയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹോട്ടലിലെ ബാത് ടബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന സാഹചര്യമുണ്ടായി. ഈ അനിശ്ചിതാവസ്ഥയാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടോടെ അവസാനിച്ചത്.

ബോധരഹിതയായി ബാത് ടബില്‍ വീണ്, ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തയായതായും അന്വേഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

ബോണി കപൂറിന്റെ മരുമകന്‍ സൗരഭ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ബന്ധിക്കുള്‍ ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും മോര്‍ച്ചറിക്കു മുന്നില്‍ എത്തിയിരുന്നു. എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരും. മൃതദേഹം ദുബൈയില്‍ പൊതുദര്‍ശനത്തിനു വയ്ക്കില്ല. ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളില്‍ സഹായിക്കാന്‍ ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ നേരത്തെ തന്നെ ദുബൈയിലെത്തിയിരുന്നു. മൃതദേഹം കൊണ്ടുവരുന്നതിന് റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനം തയാറാക്കിയിട്ടുണ്ട്. മുംബൈയില്‍ എത്തിച്ച ശേഷമാവും സംസ്‌കാരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com