രാജസ്ഥാനിലും ബംഗാളിലും 29ന് ഉപതെരഞ്ഞെടുപ്പ്; യുപിയെക്കുറിച്ച് കമ്മീഷന് മൗനം; നടപടി വിവാദത്തില്‍

ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍ മറ്റ് മൂന്നെണ്ണത്തില്‍ പ്രഖ്യാപിക്കാതിരുന്നതാണ് വിവാദമായിരിക്കുന്നത്
രാജസ്ഥാനിലും ബംഗാളിലും 29ന് ഉപതെരഞ്ഞെടുപ്പ്; യുപിയെക്കുറിച്ച് കമ്മീഷന് മൗനം; നടപടി വിവാദത്തില്‍

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ വീണ്ടും വിവാദത്തില്‍. ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍ മറ്റ് മൂന്നെണ്ണത്തില്‍ പ്രഖ്യാപിക്കാതിരുന്നതാണ് വിവാദമായിരിക്കുന്നത്. 

ജനുവരി 29നാണ് രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലേക്കും പശ്ചിമ ബംഗാളിലെ ഒരു മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ആള്‍വാര്‍, അജ്‌മേര്‍ ബംഗാളിലെ ഉലുബെരിയ എന്നിവിടങ്ങിളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ തന്നെ ഒഴിവു വന്ന മറ്റ് മൂന്നു മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മണ്ഡലം ഗൊരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലം ഫൂല്‍പൂര്‍,അരാരിയ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിവെച്ചിരിക്കുന്നത്. അരാരിയയില്‍ ആര്‍ജെഡി നേതാവിന്റെ മരണത്തെത്തുടര്‍ന്നാണ് സീറ്റൊഴിവ് വന്നത്. ആദിത്യനാഥും കേശവ് പ്രസാദും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് മറ്റു രണ്ട് മണ്ഡലങ്ങളില്‍ ഒഴിവു വന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടുപോയി എന്നായിരുന്നു ആരോപണം.

ജനാധിപത്യ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാകരുതെന്ന് യെച്ചൂരി പറയുന്നു. 
രാജ്യത്തൊട്ടാകെ ഒരേസമയത്ത് ലോകസഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ ആ നിലപാടില്‍ നിന്ന് ബിജെപി പിന്നോട്ടുപോയി. ലോകസഭ ഉപതെരഞ്ഞെടുപ്പുകളിലും നല്ലതൊന്നും ബിജെപിയില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടന ബാധ്യത പാലിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com