പുതുവര്‍ഷം ആഘോഷിച്ചതിനെതിരെ സവര്‍ണ ഹിന്ദുക്കള്‍; ദലിത് വീടുകള്‍ അടിച്ചു തകര്‍ത്തു

പുതുവല്‍സരാഘോഷം സംഘടിപ്പിച്ചതില്‍ പ്രകോപിതരായ സവര്‍ണ ഹിന്ദുക്കള്‍, ദലിത് കോളനിയിലെത്തി വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു
പുതുവര്‍ഷം ആഘോഷിച്ചതിനെതിരെ സവര്‍ണ ഹിന്ദുക്കള്‍; ദലിത് വീടുകള്‍ അടിച്ചു തകര്‍ത്തു

ചെന്നൈ : പുതുവര്‍ഷം ആഘോഷിച്ചെന്നാരോപിച്ച് ദലിതരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം. തഞ്ചാവൂരിലാണ് സംഭവം. പുതുവല്‍സരാഘോഷം സംഘടിപ്പിച്ചതില്‍ പ്രകോപിതരായ സവര്‍ണ ഹിന്ദുക്കള്‍, ദലിത് കോളനിയിലെത്തി വീടുകള്‍ ആക്രമിക്കുകയും, വാഹനങ്ങളും, ആഘോഷവേദിയും നശിപ്പിക്കുകയുമായിരുന്നു. ആഘോഷവേദിയിലുണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. 

അമ്പലപ്പാട്ട് സൗത്ത് വില്ലേജിലെ കുടിക്കാഡ് സെറ്റില്‍മെന്റിലെ ദലിത് യുവാക്കളാണ് പുതുവല്‍സരാഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രദേശം വര്‍ണ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുകയും, മൈക്ക് സെറ്റ് അടക്കമുള്ളവ കൊണ്ട് പുതുവല്‍സരാഘോഷം കെങ്കേമമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തേക്ക് വരുന്ന പ്രധാനറോഡില്‍ ബലൂണുകള്‍ കൊണ്ട് കമാനവും ഒരുക്കിയിരുന്നു. 

പുതുവല്‍സരാഘോഷ പരിപാടികള്‍ ആരംഭിച്ചതിന് പിന്നാലെ, തൊട്ടടുത്ത ഗ്രാമമായ അമ്പലപ്പാട് വടക്ക് വില്ലേജിലെ സവര്‍ണ ഹിന്ദുക്കള്‍ കമാനത്തിലെ ബലൂണുകള്‍ തകര്‍ക്കുകയും, സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയുമായിരുന്നു. സവര്‍ണ ഹിന്ദുക്കളുടെ അതിക്രമത്തെ ദലിത് യുവാക്കള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയ സവര്‍ണഹിന്ദുക്കള്‍ കൂടുതല്‍  ആളുകളുമായി തിരിച്ചെത്തുകയും, വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു. 

ദലിതരുടെ വീടുകള്‍ അടിച്ചുതകര്‍ത്ത സവര്‍ണ ഹിന്ദുക്കള്‍, വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തല്ലിപ്പൊളിച്ചു. നിരവധി വീടുകളിലെ ടെലിവിഷന്‍ അടക്കമുള്ള ഗൃഹോപകരണങ്ങളും തകര്‍ത്തു. പതിനാലോളം വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 

സവര്‍ണഹിന്ദുക്കളെ ചെറുത്ത ശ്രീരങ്കന്‍, രാജ്കുമാര്‍, ഗുണശേഖരന്‍ എന്നിവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. സംഭവത്തില്‍ സവര്‍ണ ഹിന്ദു സമുദായത്തില്‍പ്പെട്ട ആറുപേരെ അറസ്റ്റു ചെയ്തതായും, അന്വേഷണം പുരോഗമിക്കുന്നതായും തഞ്ചാവൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കണ്ണന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com