മഹാരാഷ്ട്രയില്‍ ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
മഹാരാഷ്ട്രയില്‍ ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

മുംബൈ : മഹാരാഷ്ട്രയില്‍ ദലിത് - മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നൂറിലേറെ വാഹനങ്ങള്‍ തകര്‍ത്തു. റെയില്‍, റോഡ് ഗതാഗതം താറുമാറായി. ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. ബിമ കൊറിഗോണ്‍ യുദ്ധ വാര്‍ഷിക അനുസ്മരണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. സംഘര്‍ഷത്തില്‍ ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതാണ് വ്യാപക അക്രമത്തിലേക്ക് കലാശിച്ചത്. 

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തിന് വഴിവെച്ച പൂനെയിലെ ചങ്കന്‍-കൊരേഗാവ് ഗ്രാമങ്ങളിലേക്കുള്ള സര്‍ക്കാര്‍ സഹായം മരവിപ്പിക്കണമെന്ന് ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

അതിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ച പ്രശ്‌നങ്ങളില്‍  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഫഡ്‌നാവിസ് പൊലീസിനും സേനാ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

സംഘര്‍ഷബാധിത മേഖലയില്‍ നാളെ സന്ദര്‍ശനം നടത്തുമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി അറിയിച്ചു. 1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തില്‍  ബ്രിട്ടിഷ് സംഘത്തില്‍ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും പങ്കെടുത്തു. യുദ്ധത്തില്‍ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നു. അന്നു മരിച്ചവര്‍ക്കായി പുനെ ജില്ലയില്‍ സ്മാരകം നിര്‍മിച്ചിരുന്നു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗക്കാരുടെ ക്ഷേത്രം അക്രമികള്‍ തകര്‍ത്തു. എന്നാല്‍ ക്ഷേത്രം തകര്‍ത്തത് മുന്നോക്കക്കാരാണെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് വ്യാപക അക്രമത്തില്‍ കലാശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com