രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനയ്ക്ക് ഇനി ഇലക്ടറല്‍ ബോണ്ടുകള്‍; ചങ്ങാത്ത മുതലാളിത്തമെന്ന് ഇടതുപക്ഷം 

എത്ര തുകയാണോ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തോടു ചേര്‍ന്ന 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ പ്രോമിസറി നോട്ടുകള്‍ എസ്ബിഐ ശാഖകളില്‍നിന്ന് വാങ്ങാം
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനയ്ക്ക് ഇനി ഇലക്ടറല്‍ ബോണ്ടുകള്‍; ചങ്ങാത്ത മുതലാളിത്തമെന്ന് ഇടതുപക്ഷം 

ന്യൂഡല്‍ഹി:  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനം വിജ്ഞാപനമായി. ഇന്ത്യന്‍ പൗരനോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഇല്കടറല്‍ ബോണ്ട് വാങ്ങാവുന്നതാണ്. എത്ര തുകയാണോ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തോടു ചേര്‍ന്ന 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ പ്രോമിസറി നോട്ടുകള്‍ എസ്ബിഐയുടെ  പ്രത്യേക ശാഖകളില്‍നിന്ന് ഇടപാടുകാര്‍ക്ക് വാങ്ങാം.

ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് 10,000 രൂപ സംഭാവന നല്‍കണമെങ്കില്‍ അത് ബാങ്കില്‍നിന്ന് 1,000 രൂപയുടെ 10 ബോണ്ടുകളായി വാങ്ങി നല്‍കാമെന്നാതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ഇതു കൈമാറി കിട്ടിയാല്‍ ആ പാര്‍ട്ടിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകളുടെ സുതാര്യത ഉറപ്പുവരുത്താനാണ് നടപടി.ബോണ്ട് പ്രാബല്യത്തിലാകുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് ഇത്തരം രീതി അവലംബിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. സംഭാവന നല്‍കുന്നയാള്‍, രാഷ്ട്രീയ പാര്‍ട്ടി, റിസര്‍വ് ബാങ്ക് എന്നിവരാണ് ഇലക്ടറല്‍ ബോണ്ടിലെ ഇടപാടുകാര്‍ എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇലക്ടറല്‍ ബോണ്ട് ബാങ്കില്‍നിന്നു വാങ്ങിയാല്‍ 15 ദിവസം മാത്രമാണ് കാലാവധി. ആര്‍ക്കാണു കൊടുക്കുന്നതെന്ന പേര് ബോണ്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. 1951ലെ ജനപ്രാതിനിധ്യനിയമം 29 എ വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് വഴി സംഭാവന നല്‍കാനാകൂ. മാത്രമല്ല, അവസാന പൊതുതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്കു മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന സ്വീകരിക്കാന്‍ കഴിയൂ.

ഇലക്ടറല്‍ ബോണ്ടുകള്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 10 ദിവസങ്ങളില്‍മാത്രമേ ബാങ്കില്‍നിന്നു വാങ്ങാനാകുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനു മറ്റൊരു 30 ദിവസം കൂടി ബോണ്ട് വാങ്ങുന്നതിനായി നീട്ടിനല്‍കാം. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് മാറിയെടുക്കാനാകൂ.

എന്നാല്‍ ഒരു ചോദ്യവും ഉയരാതെ രാഷ്്ട്രീയ പാര്‍ട്ടികള്‍ക്ക്  വന്‍തുക നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും അവസരം നല്‍കുന്നതെന്നതാണ് ഇതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.ആരോണോ ബോണ്ട് നിക്ഷേപിക്കുന്നത് അയാളുടെ പേര് വിവരംപുറത്തുവരില്ലെന്നതും കള്ളപ്പണം നിക്ഷപിക്കാന്‍ ഇടയാക്കുമെന്നും ഇടതുപക്ഷം പറയുന്നു. 

നിലവിലുള്ള നിയമമനുസരിച്ച് 20,000 രൂപയോ അതില്‍ കൂടുതലോ സംഭാവന നല്‍കുന്നവരുടെ വിലാസവും പാന്‍ കാര്‍ഡ് നമ്പറും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണമായിരുന്നു. പുതിയ വിജ്ഞാപനത്തോടെ 20,000 രൂപയോ അതില്‍ കൂടുതലോ ഇലക്ട്രല്‍ ബോണ്ട് വഴിയാണ് നല്‍കുന്നതെങ്കില്‍ ദാതാവിന്റെയും സംഭാവനയുടെയും വിശദാംശം നല്‍കേണ്ടതില്ല. കൂടാതെ ഈ ബോണ്ടുകള്‍ വഴി പണമൊഴുക്കി നികുതി വെട്ടിക്കാനുളഅള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ഇടതുപക്ഷം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com