ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; ത്രിപുരയില്‍ മുഖ്യമന്ത്രിയും ഗവര്‍ണരും തുറന്ന പോരിലേക്ക്

ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; ത്രിപുരയില്‍ മുഖ്യമന്ത്രിയും ഗവര്‍ണരും തുറന്ന പോരിലേക്ക്

അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുമായി ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിപ്പിച്ച സംഭവമാണ് പരസ്യ പോരിലേക്ക് നയിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇതേ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ മണിക് സര്‍ക്കാരിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. 

ഇതിന് പിന്നാലെ മറ്റൊരു യോഗം കൂടി വിളിപ്പിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിപ്പ് നല്‍കി. 

മുഖ്യമന്ത്രി ആയ ഞാന്‍ ഗവര്‍ണറോട് സംസാരിച്ചു കഴിഞ്ഞതാണ്. ഇനി ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ലെന്ന് മാണിക് സര്‍ക്കാര്‍ വിഷയത്തോട് പ്രതികരിച്ചു. 

ഒന്നും മറയ്ക്കാനില്ലെങ്കില്‍ മണിക് സര്‍ക്കാര്‍ എന്തിനാണ് ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമായി പെരുമാറുന്നതെന്ന് എന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. ഇത് ഭരണഘടനാ വ്യവസ്ഥകളുടേയും പ്രോട്ടോകോളിന്റേയും ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവം ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിന് ഭീഷണിയായേക്കാവുന്ന കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും വെളിപ്പെടുത്തിയേക്കുമെന്ന ഭീതികൊണ്ടാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച വിലക്കിയതെന്ന് ബിജെപി ആരോപിക്കുന്നു. ഗവര്‍ണര്‍ തഥാഗത റോയി ചുമതലേയറ്റപ്പോള്‍ മുതല്‍ തന്നെ സിപിഎം ഗവര്‍ണര്‍ക്ക് എതിരാണ്. എന്നാല്‍ ആദ്യമായാണ് എതിര്‍പ്പ് തുറന്ന പോരിലേക്ക് നീങ്ങുന്നത്. ഗവര്‍ണര്‍ ബിജെപി പറയുന്നതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സിപിഎം ആരോപണം. 

കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നു എന്ന പ്രപചാരണം അഴിച്ചുവിട്ട ബിജെപി ഇതേ തന്ത്രം തന്നെയാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ത്രിപുരയിലും നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com