മഹാരാഷ്ട്രയില്‍ ദലിത് ബന്ദ്; പിന്തുണയുമായി സിപിഎം

പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭാരിപ ബഹുജന്‍ മഹാസംഗ് ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. 
മഹാരാഷ്ട്രയില്‍ ദലിത് ബന്ദ്; പിന്തുണയുമായി സിപിഎം

മുബൈ: മഹാരാഷ്ട്രയില്‍ സംസ്ഥാന വ്യാപകമായി ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. കിഴക്കന്‍ മുംബൈയിലെ ചെന്‍പൂര്‍, ഗോവന്ദി എന്നവിടങ്ങളിലും പൂണെയിലും പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്നാണ് ബന്ദ്. കൊരെഗാവ് യുദ്ധവാര്‍ഷികത്തിനിടെ തീവ്ര മറാഠ വാദക്കാര്‍ ദലിത് വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകകയാരുന്നു. സംഘര്‍ഷത്തില്‍ ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടു. പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭാരിപ ബഹുജന്‍ മഹാസംഗ് ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. 

സംസ്ഥാനത്തെ എല്ലാ ജനാധിപത്യ മതേതര ശക്തികളും സമരത്തെ പിന്തുണയ്ക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു. ദളിതര്‍ക്കെതിരായ ആക്രമണം കൈകാര്യം ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ ബന്ദിന് പിന്തുണ നല്‍കുന്നതിലൂടെ അപലപിക്കുന്നതായും സിപിഎം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.മഹാരാഷ്ട്ര ബന്ദിന് മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്ര ലെഫ്റ്റ് ഫ്രണ്ട് എന്നിവയ്ക്ക് പുറമെ 250ഓളം സംഘടനകളുടെ പിന്തുണയുള്ളതായി പ്രകാശ് അംബേദ്ക്കര്‍ അറിയിച്ചു.

സംഘര്‍ഷത്തെതുടര്‍ന്ന് ഔറംഗാബാദ് ഉള്‍പ്പെടെ എട്ടു നഗരങ്ങളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. കലാപം നിയന്ത്രിക്കാന്‍ പ്രത്യേക പരിശീലനം നേടിയ സേനയെ മേഖലയിലുടനീളം വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി. അക്രമങ്ങളെ കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com