'ഞങ്ങളുടെ ജീവിതത്തില്‍ തലയിടരുത്'; ലൗ ജിഹാദ് ആരോപിച്ച് മകളെ ആക്രമിച്ച ഹിന്ദു സംഘടനകള്‍ക്ക് താക്കീതുമായി പെണ്‍കുട്ടിയുടെ അമ്മ

ഹിന്ദു സംസ്‌കാരത്തിന്റെ സംരക്ഷകരെന്നും അവകാശപ്പെടുന്ന ഒരു കൂട്ടംപേര്‍ പ്രായപൂര്‍ത്തിയാകാത്ത ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു
'ഞങ്ങളുടെ ജീവിതത്തില്‍ തലയിടരുത്'; ലൗ ജിഹാദ് ആരോപിച്ച് മകളെ ആക്രമിച്ച ഹിന്ദു സംഘടനകള്‍ക്ക് താക്കീതുമായി പെണ്‍കുട്ടിയുടെ അമ്മ

മംഗലാപുരം: സുഹൃത്തുക്കള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് അവര്‍ മൂന്ന് പേരും മംഗലാപുരത്തുള്ള മ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോയത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് പോയതെങ്കിലും രണ്ട് ഹിന്ദു പെണ്‍കുട്ടികളും ഒരു മുസ്ലീം ആണ്‍കുട്ടിയും ഉള്‍പ്പെട്ട ആ സുഹൃത്തുക്കളെ ഹിന്ദുവാദികള്‍ക്ക് അത്ര പിടിച്ചില്ല. ഹിന്ദു സംസ്‌കാരത്തിന്റെ സംരക്ഷകരെന്നും അവകാശപ്പെടുന്ന ഒരു കൂട്ടംപേര്‍ പ്രായപൂര്‍ത്തിയാകാത്ത ഈ കുട്ടികളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ലവ് ജിഹാദാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ തന്റെ മകളെ ആക്രമിച്ച ഹിന്ദു സംഘടനകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ. 

ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടാന്‍ അര്‍ക്കും അവകാശമില്ലെന്നും ഇവര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ആക്രമിച്ച മതവാദികള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും അമ്മ വ്യക്തമാക്കി. 'തന്നോട് അനുവാദം വാങ്ങിയതിന് ശേഷമാണ് മകള്‍ മാനസ വാട്ടര്‍ പാര്‍ക്കിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയത്. ആണ്‍കുട്ടിക്കൊപ്പം അവള്‍ ഒറ്റക്കല്ല പോയത്. മറ്റൊരു പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നു. അതെന്തായാലും ഞങ്ങളുടെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമാണുള്ളത്'. - പെണ്‍കുട്ടിയുടെ അമ്മ ചോദിച്ചു. 

കുട്ടികള്‍ പാര്‍ക്കില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ പുറത്ത് ഒരു കൂട്ടം പേര്‍ വന്ന് നില്‍ക്കുന്നതായി അറിയിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങരുതെന്നും അവര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നീട് ഇവര്‍ കുട്ടികളുടെ സുരക്ഷക്കായി പൊലീസിനെ അറിയിച്ചു. ഹിന്ദു ജാഗരണ്‍ വേദികെയില്‍ അംഗങ്ങളായ ഒരു കൂട്ടം പേരാണ് പുറത്ത് കൂടി നിന്നിരുന്നതെന്നും 17 കാരിയായ പെണ്‍കുട്ടി പറഞ്ഞു. 

പൊലീസെത്തി ഇവരെ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ പുറത്തു കൂടി നിന്നവര്‍ ഒച്ചവെക്കുകയും കുട്ടികളെ അസംഭ്യം പറയുകയും ചെയ്തു. മറ്റൊരു ജാതിയിലെ ആണ്‍കുട്ടിയുമായി പുറത്തുപോയത് എന്തിനാണെന്നെല്ലാം അവര്‍ ചോദിച്ചെന്ന് മകള്‍ പറഞ്ഞതായി അമ്മ വ്യക്തമാക്കി. പൊലീസിന്റെ മുന്നില്‍ വെച്ച് കൂട്ടത്തിലൊരാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ജനങ്ങള്‍ക്ക് സമയം ചെലവഴിക്കാനുള്ള പാര്‍ക്കുകളും തീയെറ്ററുകളും കോഫീ ഷോപ്പുകളുമെല്ലാം ഹിന്ദുത്വ സംഘടനകള്‍ കീഴടക്കുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ ആക്രമിച്ചതിനും അധിക്ഷേപിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ലൗവ് ജിഹാദിനെ തടയുന്നതിന്റെ ഭാഗമായി മേഖലയില്‍ വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com