പ്രതിപക്ഷം ഉറച്ചുനിന്നു; മുത്തലാഖ് ബില്ല് ഈ സമ്മേളനത്തില്‍ പാസാകില്ല

പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ ബില്ല് ഇന്ന് അവതരിപ്പിക്കുന്നത് മാറ്റിവെയ്ക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നതായാണ് സൂചന
പ്രതിപക്ഷം ഉറച്ചുനിന്നു; മുത്തലാഖ് ബില്ല് ഈ സമ്മേളനത്തില്‍ പാസാകില്ല

ന്യൂഡല്‍ഹി:  മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ് നിരോധന ബില്ല് രാജ്യസഭ ഇന്ന് പരിഗണിച്ചേക്കില്ല. മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ ബില്ല് ഇന്ന് അവതരിപ്പിക്കുന്നത് മാറ്റിവെയ്ക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നതായാണ് സൂചന. 

അതേസമയം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചുളള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ തുടക്കമായി. ഇത് രണ്ടരമണിക്കൂര്‍ എങ്കിലും നീളുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇന്ന് മുത്തലാഖ് ബില്ല് അവതരിപ്പിക്കാനുളള സാധ്യത കുറവാണ്. നാളെ ശീതകാലസമ്മേളനം അവസാനിക്കും. നാളെ ഉച്ചക്കഴിഞ്ഞ് സ്വകാര്യഅംഗങ്ങളുടെ വിഷയാവതരണമാണ്. ഈ പശ്ചാത്തലത്തില്‍ ഈ സമ്മേളന കാലയളവില്‍ ബില്ല്  സെലക്ട് കമ്മിറ്റിക്ക് വിടാതെ തന്നെ സഭയില്‍ നിലനിര്‍ത്താനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അങ്ങനെ വരുമ്പോള്‍ വരുന്ന ബജറ്റ് സമ്മേളനത്തിലാണ് ഇനി ബില്ല് സഭയുടെ പരിഗണനയ്ക്ക് വരുക. ഇതിനിടയില്‍ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടി ബില്ല് പാസാക്കിയെടുക്കാനുളള സാധ്യതയും സര്‍ക്കാര്‍ തേടിയേക്കും

ഇതിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ചുളള ചര്‍ച്ചയിലേക്ക് കടക്കുന്നതിന് മുന്‍പ് മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ടുളള പ്രമേയം സഭ പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ നിലപാടെടുത്തു. തുടര്‍ന്ന് സാമ്പത്തിക സ്ഥിതിയെകുറിച്ചുളള ചര്‍ച്ചയിലേക്ക് സഭ കടക്കുകയായിരുന്നു. 

മുസ്ലിം വിഭാഗത്തില്‍ മുത്തലാഖ് അനുഷ്ഠിക്കുന്നവര്‍ക്ക്  മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതിനൊപ്പം ഇത് ക്രിമിനല്‍ കുറ്റമാക്കാനുമുള്ള ഭേദഗതി ലോക്‌സഭാ അംഗീകരിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷം ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ ലോക്‌സഭയില്‍ അനായാസം പാസാക്കാനായി.  എന്നാല്‍, ഇത് രാജ്യസഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം കൂട്ടത്തോടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com