'അച്ഛനെ അഴിക്കുള്ളിലാക്കിയതിന് നന്ദി'; ലാലു പ്രസാദിനെ ശിക്ഷിച്ചതിന് നിതീഷ് കുമാറിനോട് നന്ദി പറഞ്ഞ് തേജസ്വി യാദവ്

നിതീഷ് കുമാറും ബിജെപിയുമാണ് ലാലു പ്രസാദിനെതിരേ ഗുഢാലോചന നടത്തിയതെന്ന ആരോപണവുമായി നേരത്തേതന്നെ ആര്‍ജെഡി രംഗത്തെത്തിയിരുന്നു
'അച്ഛനെ അഴിക്കുള്ളിലാക്കിയതിന് നന്ദി'; ലാലു പ്രസാദിനെ ശിക്ഷിച്ചതിന് നിതീഷ് കുമാറിനോട് നന്ദി പറഞ്ഞ് തേജസ്വി യാദവ്

ച്ഛനെ അഴിക്കുള്ളിലാക്കിയതിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നന്ദി അറിയിച്ച് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ ട്വീറ്റ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിനെതിരേ തേജസ്വി രംഗത്തെത്തിയിരിക്കുന്നത്. 

ലാലു പ്രസാദിനെ തടവിലാക്കിയതിന് പിന്നില്‍ നിതീഷിന്റെ കൈകളാണെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് തേജസ്വി എത്തിയത്. 'വളരെ അധികം നന്ദിയുണ്ട് നിതീഷ് കുമാര്‍'- തേജസ്വി ട്വിറ്ററില്‍ കുറിച്ചു. 

നിതീഷ് കുമാറും ബിജെപിയുമാണ് ലാലു പ്രസാദിനെതിരേ ഗുഢാലോചന നടത്തിയതെന്ന ആരോപണവുമായി നേരത്തേതന്നെ ആര്‍ജെഡി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്നും എന്നാല്‍ സമയമാവുമ്പോള്‍ ശക്തമായ മറുപടി നല്‍കുമെന്നും തേജസ്വി യാദവ് പറഞ്ഞു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും രാജ്യത്തിന്റെ സമ്പത്ത് മോഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള പാഠമാണ് ഇതെന്നും ജെഡിയു വ്യക്തമാക്കി.  

1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com