'അവര്‍ എന്റെ വായില്‍ മുളകുപൊടി ഇട്ടു'; ലസ്ബിയനാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ തല്ലിച്ചതച്ചു

പെണ്‍കുട്ടി ലെസ്ബിയനാണെന്നുള്ള പ്രചരണമാണ് ഇത്തരം പീഡനങ്ങള്‍ക്ക് കാരണമായത്
'അവര്‍ എന്റെ വായില്‍ മുളകുപൊടി ഇട്ടു'; ലസ്ബിയനാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ തല്ലിച്ചതച്ചു

ലെസ്ബിയന്‍ ആണെന്നാരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡനും വിദ്യാര്‍ത്ഥിനികളും കൂടി തല്ലിച്ചതച്ചു. കര്‍ണാടകയിലെ കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. മണിപ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചിരുന്നത്. ഹോസ്റ്റലിലെ വാര്‍ഡനില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള ആക്രമണം അതിരുകടന്നതോടെ ചൈല്‍ഡ് ലൈനിന്‍ പരാതി നല്‍കിയിരിക്കുകയാണ് കുട്ടി. 

ഡിസംബറിലെ അവസാന ആഴ്ചയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തന്റെ കൂടെ താമസിക്കുന്ന രണ്ട് കുട്ടികള്‍ ദേഷ്യപ്പെടുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ എന്തിനാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു. പിന്നീട് പ്രശ്‌നം വാര്‍ഡന്റെ അടുത്തെത്തി. അവര്‍ തന്നെ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവരും തന്നെ തല്ലിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇത് ആദ്യമായല്ല ഇവള്‍ ഉപദ്രവിക്കപ്പെടുന്നത്. നിരവധി തവണ താന്‍ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. 

പെണ്‍കുട്ടി ലെസ്ബിയനാണെന്നുള്ള പ്രചരണമാണ് ഇത്തരം പീഡനങ്ങള്‍ക്ക് കാരണമായത്. ദൈവത്തിന്റെ പാതയ്ക്ക് എതിരാണെന്ന് പറഞ്ഞ് വാര്‍ഡന്‍ ഇതിന്റെ പേരില്‍ തന്നെ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. താന്‍ ലസ്ബിയന്‍ അല്ലെന്ന് നിരവധി തവണ പറഞ്ഞെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. വാര്‍ഡന്‍ തന്നെ മര്‍ദ്ദിക്കുകയും മറ്റ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ എന്റെ  വായില്‍ മുളകുപൊടി ഇട്ടു. വെള്ളം ആവശ്യപ്പെട്ടിട്ടും വെള്ളം നല്‍കിയില്ലെന്നും കുട്ടി വ്യക്തമാക്കി. തെറ്റ് അംഗീകരിക്കണം എന്നു പറഞ്ഞാണ് വാര്‍ഡന്‍ തന്നെ ഇത്ര അധികം ഉപദ്രവിച്ചത്. ശരിക്കും ലസ്ബിയനായ ഒരു പെണ്‍കുട്ടി അവിടെയുണ്ടായിരുന്നെങ്കില്‍ വാര്‍ഡന്‍ അവളെ കൊല്ലുമായിരുന്നെന്നും കുട്ടി പറഞ്ഞു. 

സ്‌കൂളിലും ഹോസ്റ്റലിലും വളരെ നിശബ്ദയായിരുന്ന തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. ഇവരാരും ഹോസ്റ്റലില്‍ താമസിക്കുന്നവരല്ല. പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട് സുഹൃത്തുക്കളാണ് സഹോദരനെ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ് എത്തിയ സഹോദരനോട് പെണ്‍കുട്ടി മറ്റൊരു കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അവള്‍ ക്ഷമ പറയുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാമെന്നുമാണ് വാര്‍ഡന്‍ പറഞ്ഞത്. എന്നാല്‍ തന്നെ ഉപദ്രവിച്ചവരോട് എന്തിന് ക്ഷമ പറയണമെന്ന നിലപാടിലാണ് പെണ്‍കുട്ടി. പശ്‌നത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com