പ്രണവ് മുഖര്‍ജി, മന്‍മോഹന്‍, വാജ്‌പേയ് എന്നിവര്‍ക്ക് ബംഗ്ലാവുകള്‍ ഒഴിയേണ്ടി വന്നേക്കും

ഏറ്റവും ഉന്നതമായ പദവിയില്‍ ഇരുന്നവര്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങളിലൊന്നാണ് പ്രത്യേക വസതികള്‍ -  ഇതിനെതിരെ ലോക് പ്രഹരി എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു
പ്രണവ് മുഖര്‍ജി, മന്‍മോഹന്‍, വാജ്‌പേയ് എന്നിവര്‍ക്ക് ബംഗ്ലാവുകള്‍ ഒഴിയേണ്ടി വന്നേക്കും

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടില്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ ബിഹാരി വാജ്‌പേയി, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവര്‍ക്ക് അനുവദിച്ചിട്ടുള്ള വിവിഐപി ബംഗ്ലാവുകള്‍ ഒഴിയേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയില്‍ ഇരുന്നവര്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങളിലൊന്നാണ് പ്രത്യേക വസതികള്‍.ശിഷ്ടകാലം ഇവിടെ വസിക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഇതിനെതിരെ ലോക് പ്രഹരി എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

വിഷയത്തില്‍ കോടതി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ മുന്‍ ഭരണാധികാരികള്‍ക്ക് തങ്ങള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരും.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് തുടര്‍ന്നും സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക വസതികളില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന നിയമം ഉത്തര്‍പ്രദേശ് നിയമ സഭ പാസാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവിന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.  ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധികാരമൊഴിയുന്ന നേതാക്കളെ സാധാരണ പൗരനായി മാത്രമെ കണക്കാക്കാന്‍ സാധിക്കുവെന്ന് പറയുന്നു. അതിനാല്‍ ഇവര്‍ക്ക് വിവിഐപി വസതികള്‍ അനുവദിക്കാന്‍ കഴിയില്ല.

അങ്ങനെ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാകുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള സുരക്ഷ, പ്രോട്ടോക്കോള്‍ മര്യാദകള്‍, പെന്‍ഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ ഇക്കാര്യം ബാധകമല്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ സുപ്രീം കോടതി ജനുവരി 16 ന് വാദം കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com