പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് കൊക്കോപ്പുഴുക്കള്‍ ഊറ്റിയത് 22 ലിറ്റര്‍ ചോര

കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപിയിലൂടെ കുട്ടിയുടെ ചെറുകുടലില്‍ അടിഞ്ഞുകിടന്നിരുന്ന കൊക്കോപുഴുക്കളെ കണ്ടെത്തുകയായിരുന്നു
പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് കൊക്കോപ്പുഴുക്കള്‍ ഊറ്റിയത് 22 ലിറ്റര്‍ ചോര

ഡല്‍ഹിയില്‍ പതിനാലുവയസ്സുകാരന്റെ ചെറുകുടലില്‍ നിന്ന് രണ്ട് വര്‍ഷമായി 22 ലിറ്റര്‍ രക്തം കുടിച്ചു വറ്റിച്ച കൊക്കോപ്പുഴുക്കളെ നീക്കം ചെയ്തു. എന്‍ഡോസ്‌കോപിയിലൂടെയാണ് വയറ്റില്‍ കൊക്കോപുഴുക്കളെ കണ്ടെത്തിയത്. മലത്തില്‍ രക്തം കണ്ടതിനെതുടര്‍ന്ന് ഓഗസ്റ്റിലാണ് ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗ റാം ഹോസ്പിറ്റലില്‍ (എസ്ആര്‍ജിഎച്ച്) കിട്ടിയെ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി രക്തത്തില്‍ ഇരുമ്പിന്റെ കുറവ് മൂലം കുട്ടിക്ക് അനീമിയ ആയിരുന്നെന്നും ആവര്‍ത്തിച്ച് രക്തം കേറ്റുന്നതുവഴിയാണ് ഈ അവസ്ഥ  നിയന്ത്രിച്ചിരുന്നതെന്നും എസ്ആര്‍ജിഎച്ചിലെ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി അനില്‍ അറോറ പറഞ്ഞു. ഇങ്ങനെ രണ്ട് വര്‍ഷത്തില്‍ 50യൂണിറ്റ് രക്തം അതായത് 22 ലിറ്റര്‍ രക്തമാണ് കേറ്റിയത്. 

കൊളോണോസ്‌കോപി പോലെയുള്ള നിരവധി പരിശോധനകളും റേഡിയോഗ്രഫിക് പഠനങ്ങളും ഒക്കെ നടത്തിയിരുന്നെങ്കിലും കുട്ടിയുടെ യഥാര്‍ത്ഥ രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 5.86 എന്ന നിലയില്‍ കുട്ടിയുടെ ഹീമോഗ്ലോബിന്‍ താഴുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വളരെ അപൂര്‍വമായി മാത്രം ചെയ്യുന്ന കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

ചെറിയ ക്യാമറുകളുടെ സഹായത്തോടെ ദഹനേന്ത്രിയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപിയില്‍ ചെയ്യുന്നത്. കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപി ക്യാമറയുള്ള വൈറ്റമിന്‍ വലുപ്പത്തിലുള്ള ഗുളിക രോഗിക്ക് കഴിക്കാന്‍ നല്‍കും. ഇങ്ങനെ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ചെറുകുടലില്‍ അടിഞ്ഞുകിടന്നിരുന്ന നിരവധി കൊക്കോപുഴുക്കളെ കണ്ടെത്തുകയായിരുന്നു. 

ഇപ്പോള്‍ നിരവധി ഏഷ്യക്കാരില്‍ കൊക്കോപുഴു അണുബാധ കാണുന്നുണ്ടെന്നും ചെരുപ്പിടാതെ നടക്കുന്നത് ഒഴിവാക്കിയും വൃത്തിയുള്ള ഭക്ഷണം കഴിച്ചും ഇത് വരാതെ നോക്കണമെന്നും ഡോ അനില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com