ഭരണഘടനയും മനുസ്മൃതിയും നല്‍കിയാല്‍ മോദി ഏത് സ്വീകരിക്കും: ജിഗ്നേഷ് മേവാനി

ലൗ ജിഹാദിന്റെയല്ല, പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിനിധികളാണ് ഞങ്ങളെന്ന് ജിഗ്നേഷ് മേവാനി
ഭരണഘടനയും മനുസ്മൃതിയും നല്‍കിയാല്‍ മോദി ഏത് സ്വീകരിക്കും: ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: ലൗ ജിഹാദിന്റെയല്ല, പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിനിധികളാണ് ഞങ്ങളെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ. ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുമെന്നും ഡല്‍ഹിയില്‍ നടന്ന യുവ് റാലിയില്‍ അദ്ദേഹം പറഞ്ഞു.  

മോദിസര്‍ക്കാര്‍ തന്നെയും തന്റെ പിന്‍തുടര്‍ച്ചക്കാരെയും ലക്ഷ്യമിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പൂനെ സംഘര്‍ഷത്തിന്റെ പേരില്‍ കേസെടുത്തത്. അഴിമതി, ദാരിദ്രം, തൊഴിലില്ലായ്മ, എന്നിങ്ങനെ രാജ്യത്ത് നടക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന രീതിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിസ്ഥാനപ്രശ്‌നങ്ങളെ അവഗണിച്ച് പകരം ലൗ ജിഹാദിനും, ഘര്‍വാപസിക്കും ഇടം നല്‍കുകയാണ് മോദി സര്‍ക്കാര്‍.

വിഘടനവര്‍ഗ്ഗീയശക്തികളാല്‍ ഭിന്നിപ്പിച്ചുപോകുന്ന ഇന്ത്യന്‍ ജനതയെ ഒന്നായി നിലനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ മേവാനി, അതുകൊണ്ടുതന്നെ സംഘപരിവാര്‍ശക്തികളുടെ പ്രധാനലക്ഷ്യം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നത് തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ഭരണഘടനയുടെയും മനുസ്മൃതിയുടെയും കോപ്പികള്‍ നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതായിരിക്കും സ്വീകരിക്കുക? നജിം, രോഹിത് വെമുല,ജി.എസ്.ടി പ്രതിഷേധങ്ങള്‍ നടന്നിട്ടും നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണമെന്താണ്? 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് ഹുങ്കാര്‍ എന്ന പേരില്‍ യുവജനങ്ങളുടെ പ്രതിഷേധ റാലി ആരംഭിച്ചത്. അറസ്റ്റിലായ ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയയ്ക്കണമെന്നും സംഘപരിവാര്‍ സര്‍ക്കാരിന് കീഴില്‍ വളര്‍ന്നുവരുന്ന ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടായിരുന്നു യുവ് റാലി. 

പൊലീസിന്റെ നിരോധനങ്ങള്‍ വകവയ്ക്കാതെയാണ് റാലി നടത്തിയത്. ജിഗ്നേഷിന് പുറമേ, ജെഎന്‍യു സമര നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ്, അസ്സം കര്‍ഷക നേതാവ് അഖില്‍ ഗോഗോയ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com