സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി; കോണ്‍ഗ്രസിന് തലവേദന

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്
സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി; കോണ്‍ഗ്രസിന് തലവേദന

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ സിഖ് വിരുദ്ധ കലാപം വീണ്ടും അന്വേിക്കണമെന്ന് സുപ്രീംകോടതി. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് പുനരന്വേഷിക്കുന്നത്. 

വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോഴും സര്‍വീസിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍. ഇതില്‍ വിരമിച്ച ഉദ്യോഗസ്ഥന്‍ സര്‍വീസ് വിടുന്ന സമയത്ത് കുറഞ്ഞത് ഡിഐജി റാങ്കിലെങ്കിലുമുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ഈ ബെഞ്ചിലെ മറ്റംഗങ്ങള്‍.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു പിന്നാലെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേക സംഘത്തിന് 2015 ഫെബ്രുവരിയിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനല്‍കിയത്. രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തിനുശേഷം ആകെ 250 കേസുകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് നിലവില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതെന്നും ഇതില്‍ രണ്ടെണ്ണം സിബിഐ അന്വേഷണമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഏതാനു മാസങ്ങള്‍ക്കു മുന്‍പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) 241 കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് പരിശോധിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ ജഡ്ജിമാരായ ജെ.എം.പഞ്ചാലും കെ.എസ്.പി.രാധാകൃഷ്ണനും അടങ്ങിയ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇവര്‍ക്കുള്ള നിര്‍ദ്ദേശം. സിഖ് വിരുദ്ധ കലാപത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചുവോ എന്ന് സംശയിക്കുന്നുവെന്നും സുപ്രീമകോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ച 241 കേസുകളില്‍ 186 എണ്ണം മതിയായ അന്വേഷണം കൂടാതെയാണ് അവസാനിപ്പിച്ചതെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ വച്ചുള്ള പുനരന്വേഷണം. 

സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കും. പാര്‍ലമെന്റിലുള്‍പ്പെടെ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ബിജെപി സിഖ് വിരുദ്ധ കലാപം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com