13 മാസമായി മോദിയെ കാണാന്‍ നടക്കുന്നു; അനുമതി ലഭിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞ 13 മാസമായി താന്‍ ശ്രമിച്ചുവരുകയായിരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ.
13 മാസമായി മോദിയെ കാണാന്‍ നടക്കുന്നു; അനുമതി ലഭിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞ 13 മാസമായി താന്‍ ശ്രമിച്ചുവരുകയായിരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ എല്ലാം ജനങ്ങളോട് വിളിച്ചുപറയുമെന്ന് യശ്വന്ത് സിന്‍ഹ മുന്നറിയിപ്പ് നല്‍കി.  ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി നേതൃത്വവുമായി വീണ്ടും പോര്‍മുഖം തീര്‍ത്തിരിക്കുകയാണ് യശ്വന്ത് സിന്‍ഹ.

വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയും നാള്‍ പരിശ്രമിച്ചത്. മോദിയുമായുളള കൂടിക്കാഴ്ചയില്‍ ഇതെല്ലാം ശ്രദ്ധയില്‍പ്പെടുത്താനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ ആവശ്യം നിരാകരിക്കുന്ന നിലപാടാണ് മോദി സ്വീകരിച്ചത്. കഴിഞ്ഞ 13 മാസമായി ഒരു കൂടിക്കാഴ്ചയ്ക്കായി താന്‍ കാത്തുനില്‍ക്കുന്നു. ഇനി ഈ ആവശ്യം ഉന്നയിച്ച്  സര്‍ക്കാരിലെ ആരെയും സമീപിക്കാന്‍ താന്‍ ഒരുക്കമല്ല. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളുമായി ജനങ്ങളിലേക്ക്  ഇറങ്ങിചെല്ലാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ ദിവസം വാജ്‌പേയ്, അദ്വാനി കാലഘട്ടത്തില്‍ നിന്നും ബിജെപി ഒരുപാട് മാറി എന്ന് പറഞ്ഞ് ബിജെപി നേതൃത്വത്തിന് എതിരെ യശ്വന്ത് സിന്‍ഹ വീണ്ടും വെടിപൊട്ടിച്ചിരുന്നു. അദ്വാനി പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഒരു സാധാരണ പ്രവര്‍ത്തകനുപോലും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നു. ഇന്ന് ഇത് അപ്രാപ്യമായെന്നും യശ്വന്ത്് സിന്‍ഹ ആശങ്കപ്പെട്ടു. നിലവില്‍ മുതിര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് പോലും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് . അതുകൊണ്ട് തനിക്ക് ഇത്രനാളായിട്ടും മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കാത്തതില്‍ താന്‍ അത്ഭുതപ്പെടുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പ്രതികരിച്ചു.

നേരത്തെ നോട്ടുഅസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലെല്ലാം മോദിയെയും ബിജെപി നേതൃത്വത്തെയും വിമര്‍ശിച്ച് യശ്വന്ത് സിന്‍ഹ രംഗത്തുവന്നിരുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ അരുണ്‍ ജെയ്റ്റലിയുമായി യശ്വന്ത് സിന്‍ഹ കൊമ്പുകോര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com