തീവ്രവാദികള്‍ നമ്മുടെ സഹോദരങ്ങളാണ്; അവരുടെ കൊലപാതകങ്ങള്‍ ആഘോഷിക്കരുതെന്ന് കശ്മീര്‍ എംഎല്‍എ

തീവ്രവാദികള്‍ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് ജമ്മു കശ്മീര്‍ എംഎല്‍എ
തീവ്രവാദികള്‍ നമ്മുടെ സഹോദരങ്ങളാണ്; അവരുടെ കൊലപാതകങ്ങള്‍ ആഘോഷിക്കരുതെന്ന് കശ്മീര്‍ എംഎല്‍എ

ജമ്മു: തീവ്രവാദികള്‍ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് ജമ്മു കശ്മീര്‍ എംഎല്‍എ. പിഡിപി എംഎല്‍എ ഐജാസ് അഹമ്മദ് മിര്‍ ആണ് കഴിഞ്ഞ ദിവസം നിയമസഭയിലും പിന്നീട് മാധ്യമങ്ങളോടും ഇക്കാര്യം പറഞ്ഞത്. 

ഭീകരവാദികള്‍ കശ്മീരികളാണ്. അവരും നമ്മുടെ മക്കളും സഹോദരങ്ങളുമാണ്. അവരെ കൊലപ്പെടുത്തുന്നത് നമ്മള്‍ ആഘോഷിക്കരുത്, മിര്‍ പറഞ്ഞു.  പിന്നീട് തീവ്രവാദികള്‍ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു എംഎല്‍എയുടെ മറുപടി. കൊല്ലപ്പെട്ട സുരക്ഷ സൈനികരുടെ കാര്യത്തിലും അവരുടെ മാതാപിതാക്കളുടെ കാര്യത്തിലും തനിക്ക് സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മൂന്നുമാസം മുമ്പ് അദ്ദേഹത്തിന്റെ വീടിനുനേരെയും തീവ്രവാദി ആക്രമണം നടന്നിരുന്നു. അദ്ദേഹത്തിന്റെ വീട്ടിനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിരുന്നില്ല.ഈ സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇത് ആശയപരമായ ഭിന്നത കാരണമായിരിക്കാമെന്നാണ് മിര്‍ പറഞ്ഞത്.

എംഎല്‍എയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ഇത് തീവ്രവാദത്തെ മഹത്വവത്കരിക്കലാണെന്ന് ബിജെപി നേതാവും എംഎല്‍എയുമായ രവീന്ദ്ര റെയ്‌ന പറഞ്ഞു. ജമ്മു കശ്മീരില്‍ പിഡിപിയുടെ സഖ്യ കക്ഷിയാണ് ബിജെപി. തീവ്രവാദികളെ നേരിടുന്നതില്‍ ബിജെപിക്കും പിഡിപിക്കും വ്യത്യസ്ത നിലപാടുകളാണുള്ളത്. പിഡിപി എംഎല്‍എയുടെ പുതിയ പ്രസ്താവന മുന്നണി ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com