ഫോണിലുടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; സഹായം തേടി മൂന്നുകുട്ടികളുടെ മാതാവ് മോദിക്ക് മുന്‍പില്‍

ഫോണിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം അഭ്യര്‍ത്ഥിച്ച് മൂന്നുകുട്ടികളുടെ അമ്മ.
ഫോണിലുടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; സഹായം തേടി മൂന്നുകുട്ടികളുടെ മാതാവ് മോദിക്ക് മുന്‍പില്‍

അലഹബാദ്: ഫോണിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം അഭ്യര്‍ത്ഥിച്ച് മൂന്നുകുട്ടികളുടെ അമ്മ. ഉത്തര്‍പ്രദേശ് മഞ്ജഹാന്‍പൂര്‍ പട്ടണത്തില്‍ റോസി ബീഗം എന്ന സ്ത്രീയാണ് ഭര്‍ത്താവിന് എതിരെ നിയമനടപടി ആവശ്യപ്പെട്ട് മോദിയെ സമീപിച്ചത്. സുപ്രീംകോടതി മുത്തലാഖ് നിരോധിക്കുകയും, ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്ല് പാസാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീതി ചോദിച്ച് റോസി ബീഗം പ്രധാനമന്ത്രിയുടെ സഹായം തേടിയത്.

മൂന്നുദിവസം മുന്‍പാണ് ഭര്‍ത്താവ് മൊഹമ്മദ് സൊറാബ് ഫോണിലുടെ മുത്തലാഖ് ചൊല്ലിയത്. പതിനേഴ് വര്‍ഷം നീണ്ട ദാമ്പത്യജീവിതമാണ് ഇയാള്‍ വേര്‍പ്പെടുത്തിയതെന്ന് റോസിബീഗം പറയുന്നു. ഇരുവരുടെയും മൂന്ന് മക്കളെ ഭര്‍ത്താവ് അഞ്ജാത സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്്. 13, 11, 9, എന്നിങ്ങനെ പ്രായത്തിലുളള മൂന്നുകുട്ടികളെ കണ്ടിട്ട് രണ്ടുമാസമായതായും ഇവരെ തന്റെ ഒപ്പം വിടാന്‍ നടപടി ഉണ്ടാകണമെന്നും  ആവശ്യപ്പെട്ടാണ് മോദിയുടെ വാതിലില്‍ റോസിബീഗം മുട്ടിയത്. 

ഭര്‍ത്താവ് കഴിഞ്ഞ മൂന്നുവര്‍ഷമായി സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നും ഒരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല.വീട്ടുജോലി ചെയ്തതാണ് മക്കളെ പോറ്റിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. മദ്രസ്സയില്‍ ചേര്‍ത്ത കുട്ടികളെ അവിടെ നിന്നും ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അഞ്ജാത ഫോണില്‍ നിന്നും വിളിച്ച് മൊഴി ചൊല്ലുകയായിരുന്നുവെന്നും റോസി ബീഗം തുറന്നുപറയുന്നു. ഇതുസംബന്ധിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം അന്വേഷണം ആരംഭിച്ചതായി മഞ്ജ്ഹാന്‍പൂര്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com