അവരുടെ പ്രശ്‌നം അവര്‍തന്നെ പരിഹരിക്കും; സുപ്രീം കോടതി പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി മുതിര്‍ന്ന ജസ്റ്റിസുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന് നിയമ മന്ത്രി
അവരുടെ പ്രശ്‌നം അവര്‍തന്നെ പരിഹരിക്കും; സുപ്രീം കോടതി പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി മുതിര്‍ന്ന ജസ്റ്റിസുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന് നിയമ മന്ത്രി പി.പി ചൗധരി. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. അവിടെയുള്ള പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. 

സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് നടക്കുന്നത് എന്നാരോപിച്ചായിരുന്നു ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. 

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത്. ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സിപിഐ പ്രത്യേക കോടതി ജഡ്്ജി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേൃത്വത്തില്‍ അന്ന് കത്ത് നല്‍കിയത്. 

പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് വിടുന്നുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ശക്തമായ ആരോപണം. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹര്‍ജി തികച്ചും അപ്രധാനമായ ബെഞ്ചിനു നല്‍കിയതിനെതിരെയും കത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. 

ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ദീപകത് മിശ്ര മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ എജിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് മിശ്ര പിന്‍മാറി. ജഡ്ജിമാരെ അനുനയിപ്പിക്കാനുള്ള ശ്രമം  നടന്നു വരുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com