ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീംകോടതി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം

മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീംകോടതി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം


ന്യൂഡല്‍ഹി : സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമാണെന്ന് സുപ്രീംകോടതി. ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദീപക് മിശ്രയാണ് കേസ് പരിഗണിച്ചത്. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

ജസ്റ്റിസ് ലോയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ വ്യക്തമാക്കിയിരുന്നു. ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ കേസ് കൈമാറിയതില്‍ പ്രതിഷേധിച്ച് സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. ഏറെ നിര്‍ണായകമായ കേസ് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചതിന് പിന്നാലെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. 

ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് തന്റെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തുകയും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെടുകയുമായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജഡ്ജി ലോയുടെ ദുരൂഹമരണം. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ മരണം. 

ഗസ്റ്റ്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ട ജഡ്ജിയെഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതും സംശയം വര്‍ധിപ്പിക്കുന്നതായി ജസ്റ്റിസ് ലോയുടെ ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ ഹൃദയസ്തംഭനം വന്ന ആളുടെ വസ്ത്രങ്ങള്‍ എങ്ങനെ രക്തത്തില്‍ മുങ്ങിയെന്നും ജഡ്ജിയുടെ സഹോദരി ചോദിച്ചു.

കേസില്‍ വാദം കേട്ട ജഡ്ജി ലോയയ്ക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദങ്ങളും കോഴ വാഗ്ദാനങ്ങളും ഉണ്ടായിരുന്നതായും സഹോദരി വെളിപ്പെടുത്തിയിരുന്നു. ജഡ്ജിയുടെ മരണത്തെ കുറിച്ച് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതടൊപ്പം അഭിഭാഷകരുടെ സംഘടകളും ജഡ്ജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com