പാസ്‌പോര്‍ട്ട് ഇനി വിലാസം തെളിയിക്കുന്ന ആധികാരിക രേഖയായി ഉപയോഗിക്കാനാകില്ല

നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ഒന്നാംപേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരുവിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണുള്ളത്.
പാസ്‌പോര്‍ട്ട് ഇനി വിലാസം തെളിയിക്കുന്ന ആധികാരിക രേഖയായി ഉപയോഗിക്കാനാകില്ല

ന്യൂഡല്‍ഹി: വ്യക്തിയുടെ വിലാസം തെളിയാക്കുന്ന ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ പൂര്‍ണ വിലാസം വരുന്നതിനാല്‍ അത് വിലാസം തെളിയിക്കാനുള്ള രേഖയായി സമര്‍പ്പിച്ചു വന്നിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഇത് വിലാസത്തിനുള്ള രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ധര്‍ അറിയിച്ചത്.

അവസാന പേജ് ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കി തുടങ്ങിയാല്‍ ഇത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ശുപാര്‍ശയെന്ന് പാസ്‌പോര്‍ട്ട് ഡിവിഷന്‍ നയനിയമകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു. 

നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ഒന്നാംപേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരുവിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണുള്ളത്. എന്നാല്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സമഗ്രമായി ലഭിക്കുന്നതിനാല്‍, എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലോ പാസ്‌പോര്‍ട്ട് ഓഫീസിലോ വീണ്ടും അവസാന പേജ് വിവരങ്ങള്‍ പരിശോധിക്കാറില്ല. 2012 മുതല്‍ പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡ് ഉള്ളതിനാല്‍ അത് സ്‌കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിക്കും. എന്നാല്‍ ഈ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് ലഭ്യമാകില്ല. അതിനാല്‍ മറ്റിടങ്ങളില്‍ വിലാസം  തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com