ജസ്റ്റിസ് ലോയയുടെ മരണം: കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല

ജസ്റ്റിസ് ലോയയുടെ മരണം: കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല
ജസ്റ്റിസ് ലോയയുടെ മരണം: കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല

ന്യൂഡല്‍ഹി: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തിങ്കളാഴ്ച സിറ്റിങ് നടത്തില്ല. ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡരുടെ അസാന്നിധ്യം മൂലമാണ് സിറ്റിങ് ഒഴിവാക്കിയത്. 

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരമാണെന്ന് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു. ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ലോയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് പരിഗണിച്ചത്. 

ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ കേസ് കൈമാറിയതില്‍ പ്രതിഷേധിച്ച് സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. ഏറെ നിര്‍ണായകമായ കേസ് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചതിന് പിന്നാലെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജഡ്ജി ലോയുടെ ദുരൂഹമരണം. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com