പ്രധാനമന്ത്രിയുടെ ദൂതന് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു; പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം നടത്തിവരുന്ന കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.
പ്രധാനമന്ത്രിയുടെ ദൂതന് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു; പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം നടത്തിവരുന്ന കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ദീപക് മിശ്ര അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എജി കെ കെ വേണുഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.  കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നു. ജഡ്ജിമാര്‍ കാര്യങ്ങള്‍ കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ ഓര്‍മ്മിപ്പിച്ചു. അല്ലാതെ ജനങ്ങളുടെയിടയില്‍ സംശയം വിതച്ചത് ശരിയായ നടപടിയല്ലെന്നും ബാര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇത് ജൂഡിഷ്യറിയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം നീതിക്കും നീതിപീഠത്തിനുമായാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. ഇദ്ദേഹമടക്കം സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ വെളളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കുര്യന്‍ ജോസഫ് രംഗത്തുവന്നത്. ജനങ്ങള്‍ക്ക് ജൂഡിഷ്യറിയിലുളള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com