സുപ്രീം കോടതി പ്രതിസന്ധി; രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തരുതെന്ന് ബാര്‍ കൗണ്‍സില്‍

സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധി വിഷയത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍
സുപ്രീം കോടതി പ്രതിസന്ധി; രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തരുതെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധി വിഷയത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍. മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരമോന്നത കോടതിയുടേത് ആഭ്യന്തര പ്രശ്‌നമാണെന്നും പ്രശ്‌നങ്ങള്‍ വേഗത്തിലും സമാധാനപൂര്‍വ്വും പരിഹരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു.

നീതിന്യായ സംവിധാനത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നമ്മളായിട്ടു ഒരവസരം നല്‍കിയിരിക്കുകയാണ്. അത് നിര്‍ഭാഗ്യകരമാണ്.വിഷയം രാഷ്ട്രീയവരിക്കരുതെന്ന് ഞാന്‍ ബാര്‍ കൗണ്‍സിലിനു വേണ്ടി  അഭ്യര്‍ഥിക്കുകയാണ്, മനന്‍ കുമാര്‍ പറഞ്ഞു.

ജഡ്ജിമാര്‍ പൊതുമധ്യത്തില്‍ വിഷയവുമായി ചെല്ലാന്‍ പാടില്ലായിരുന്നു. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇതിനകത്ത് തന്നെയുണ്ട്. കത്തിലെ ഉള്ളടക്കം ഏഴംഗ സമിതി രൂപവത്കരിച്ച് ചര്‍ച്ച ചെയ്യുമെന്നും അതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും വാര്‍ത്താ സമ്മേളനം നടത്തിയ മറ്റ് നാലു ജഡ്ജിമാരെയും മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യായാധിപരുമായി ഏഴംഗ സമിതി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാത്തതിനെ ബാര്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താ സമ്മേളനം നടത്തി സുപ്രീംകോടതിയുടെ നടപടികള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയില്‍ കുറച്ചു കാലമായി ശരിയല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും മുതിര്‍ന്ന ന്യായാധിപന്മാര്‍ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാല്‍ കൗണ്‍സിന്റെ ഇടപെടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com