സുപ്രീംകോടതി പ്രതിസന്ധിക്ക് ഇന്ന് പരിഹാരമായേക്കും; ഫുള്‍ കോര്‍ട്ട് ചേര്‍ന്ന്  സമവായമുണ്ടാക്കാന്‍ ശ്രമം

സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍  പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെട്ടേക്കും
സുപ്രീംകോടതി പ്രതിസന്ധിക്ക് ഇന്ന് പരിഹാരമായേക്കും; ഫുള്‍ കോര്‍ട്ട് ചേര്‍ന്ന്  സമവായമുണ്ടാക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ 
പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു പരിഹരിക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍ കോര്‍ട്ട് ചേര്‍ന്നു സമവായമുണ്ടാക്കാനാണു ശ്രമം.

പരമോന്നത നീതിപീഠത്തിലുണ്ടായ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്ക് ഇന്നു പരിഹാരം കാണാന്‍ കഴിയുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പ്രതീക്ഷ. നാലു ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ളതു നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്‌നമാണെന്നാണു സര്‍ക്കാര്‍ നിലപാട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണു പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് ഇടപെടുന്നത്.

കലാപമുണ്ടാക്കിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com