'ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുള്ളത്' ; വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു

വിവാദമായതും, സുപ്രധാനവുമായ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് തന്നെ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു
'ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുള്ളത്' ; വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പിന്തുണയുമായി വിരമിച്ച ജഡ്ജിമാര്‍. ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയതാണ്. വിവാദമായതും, സുപ്രധാനവുമായ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് തന്നെ നല്‍കണമെന്ന് റിട്ടയേഡ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. 

കേസുകള്‍ അനുവദിക്കുന്നത് ക്രവിരുദ്ധമായാണെന്ന സീനിയര്‍ ജഡ്ജിമാരുടെ ആരോപണം ഗൗരവമേറിയതാണ്. ചീഫ് ജസ്റ്റിസ് പക്ഷപാതപരമായും, ഇഷ്ടമുള്ള ജൂനിയര്‍ ജഡ്ജിമാര്‍ക്കും സുപ്രധാന കേസുകള്‍ കൈമാറുന്നതായാണ് ആക്ഷേപം. ഇത് നീതിന്യായ ഭരണത്തെയും, നീതി ഉറപ്പാക്കുന്നതിനെയും ദോഷകരമായാകും ബാധിക്കുക. അതിനാല്‍ സുപ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക്, ക്രമപ്രകാരവും, സുതാര്യവുമായും നല്‍കണമെന്ന് കത്തില്‍ റിട്ടയേഡ് ജഡ്ജിമാര്‍  ആവശ്യപ്പെട്ടു. 

വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത്
വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത്

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിബി സാവന്ത്, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എച്ച് സുരേഷ് എന്നിവരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. വിഷയം എത്രയും പെട്ടെന്ന് ചീഫ് ജസ്റ്റിസ് ഇടപെട്ട് പരിഹരിക്കണമെന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. 

സുപ്രീംകോടതിയിലുണ്ടായ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം ജസ്റ്റിസ് ജെ ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ചീഫ് ജസ്റ്റിസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തുടര്‍ നടപടികള്‍ ഒപ്പമുള്ള മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍കൗണ്‍സില്‍ സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, നാഗേശ്വര്‍ റാവു എന്നിവര്‍ ചെലമേശ്വറിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. 

ബാര്‍ കൗണ്‍സില്‍ പ്രതിനിധി സംഘം വൈകീട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഏഴരയ്ക്കാണ് ചര്‍ച്ച. പ്രശ്‌നം ഇന്നുതന്നെ പരിഹരിക്കാനാണ് ശ്രമമെന്ന് ബാര്‍കൗണ്‍സില്‍ സംഘം സൂചിപ്പിച്ചു. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ബ്രിജിഗോപാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പ്രമേയം കൈമാറിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com