മോദിയുടെ കൂടുതല്‍ കെട്ടിപ്പിടുത്തങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസിന്റെ വീഡിയോ 

മോദിയുടെ ഹസ്തദാനം നിരസിച്ചു കൊണ്ട് ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ പോകുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്
മോദിയുടെ കൂടുതല്‍ കെട്ടിപ്പിടുത്തങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസിന്റെ വീഡിയോ 

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അകത്തും പുറത്തും വിദേശരാഷ്ട്രത്തലവന്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പിടിക്കുന്നത് എല്ലായ്‌പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ചിലപ്പോള്‍ വിവാദങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പതിവുപോലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനവേളയിലും മോദി രീതി തെറ്റിച്ചില്ല. ഇതിന് പിന്നാലെ ഈ കെട്ടിപ്പിടുത്ത നയതന്ത്രത്തെ ട്രോള്‍ ചെയ്യുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. മോദിയുടെ ഹസ്തദാനം നിരസിച്ചു കൊണ്ട് ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ പോകുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് വിവിധ രാഷ്ട്രത്തലവന്‍മാരെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളെ ട്രോള്‍ രൂപത്തില്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തോടെ പ്രധാനമന്ത്രി മോദിയില്‍ നിന്നും കൂടുതല്‍ കെട്ടിപിടുത്തങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.. #Hugplomacy എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വന്‍സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസം ആസന്നമായിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്നേറുന്ന ബിജെപി നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ പരിഹസിച്ചും കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടിരുന്നു. 
 യോഗി ആദിത്യനാഥിന്റെ ചേരുവകകള്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കുറ്റങ്ങളും കുറവുകളും അക്കമിട്ട് നിരത്തി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  'തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബിജെപിയുടെ പ്രമുഖനായ യോഗി ആദിത്യനാഥിന്റെ ചേരുവകകള്‍ ഇവയാണ്, ഇത് ഞങ്ങള്‍ ശുപാര്‍ശ ചെയ്യില്ല' എന്ന തലവാചകത്തോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ പേരിലുളള ക്രിമിനല്‍ കേസുകള്‍, കാവിനിറത്തിനോടുളള അമിത സ്‌നേഹം,സ്ത്രീ വിരുദ്ധ നിലപാടുകള്‍, വികസനം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ പ്രതിപാദിച്ചുളള വീഡിയോയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com