ത്രിപുരയില്‍ തന്ത്രംമെനഞ്ഞ് ബിജെപി; ഗോത്രവിഭാഗങ്ങളുമായി സഖ്യത്തിന് നീക്കം

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കി ഭരണം പിടിക്കാന്‍ ബിജെപി തീവ്രശ്രമത്തില്‍
ത്രിപുരയില്‍ തന്ത്രംമെനഞ്ഞ് ബിജെപി; ഗോത്രവിഭാഗങ്ങളുമായി സഖ്യത്തിന് നീക്കം

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കി ഭരണം പിടിക്കാന്‍ ബിജെപി തീവ്രശ്രമത്തില്‍. നീണ്ടകാലം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സഖ്യസാധ്യതകളാണ് ബിജെപി തേടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വാധീനമുളള ഗോത്രവിഭാഗങ്ങളുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുളള ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതായി പാര്‍ട്ടി വ്യത്തങ്ങള്‍ സൂചന നല്‍കുന്നു. ഗോത്ര വിഭാഗങ്ങളില്‍ പ്രബലരായ ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായുളള സഖ്യനീക്കം ഏറെക്കുറെ വിജയം കണ്ടതായാണ് വിവരം. ഇതിന് പുറമേ മറ്റൊരു പ്രബല ഗോത്ര പാര്‍ട്ടിയായ ഇന്‍ഡിജെനസ് നാഷലിസ്റ്റ് പാര്‍ട്ടി ഓഫ് ദ്വിപ്രയുമായുളള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

 ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായുളള നീണ്ടകാലത്തെ ചര്‍ച്ചകള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി അസാം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്താ ബിസ്‌വാ ശര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചു. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ബിജെപിയുടെ നേതൃത്വത്തിലുളള വടക്കുകിഴക്കന്‍ ജനാധിപത്യ മുന്നണിയുടെ ചെയര്‍മാന്‍ കൂടിയായ ഹിമന്താ ബിസ്‌വാ ശര്‍മ്മ അറിയിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്നത് ബിജെപിയുടെ ദീര്‍ഘകാല ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി അസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. തുടര്‍ന്ന് ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭരണം പിടിച്ച് സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 1993 മുതല്‍ ത്രിപുരയില്‍ ഭരണം കൈയാളുന്ന ഇടതുമുന്നണിയെ നിഷ്പ്രഭമാക്കാന്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പരീക്ഷിക്കുകയാണ് ബിജെപി. 

 
പ്രത്യേക സംസ്ഥാനം വേണമെന്നതാണ് ഇന്‍ഡിജെനസ് നാഷലിസ്റ്റ് പാര്‍ട്ടി ഓഫ് ദ്വിപ്രറയുടെ മുഖ്യ ആവശ്യം. ഇതിന് ബിജെപി വഴങ്ങി കൊടുക്കാന്‍ സാധ്യതയില്ല. എങ്കിലും ഗോത്രാ വിഭാഗങ്ങള്‍ക്ക് ആധിപത്യമുളള മേഖലകളില്‍ കൂടുതല്‍ സ്വയംഭരണം നല്‍കി അവരെ തങ്ങളുടെ ചേരിയില്‍ ഉള്‍പ്പെടുത്താനുളള ശ്രമത്തിലാണ് ബിജെപി. 

ത്രിണമൂല്‍ കോണ്‍ഗ്രസിലെ ആറ് എംഎല്‍എമാര്‍ ബിജെപിയുടെ കൂടാരത്തില്‍ പ്രവേശിച്ചതോടെ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് രണ്ട് ലക്ഷം വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് കേവലം 1.15 ലക്ഷവും. ഈ പശ്ചാത്തലത്തില്‍ ത്രിണമൂല്‍ എംഎല്‍എമാരെയും ഗോത്രവിഭാഗങ്ങളെയും കൂടെക്കൂട്ടി സിപിഎമ്മിന് ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com