ഒരു ശതമാനം ഇന്ത്യക്കാര്‍ 73 ശതമാനം സ്വത്തും കൈവശം വയ്ക്കുന്നതെങ്ങനെ? മോദിയോട് രാഹുല്‍

രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 
ഒരു ശതമാനം ഇന്ത്യക്കാര്‍ 73 ശതമാനം സ്വത്തും കൈവശം വയ്ക്കുന്നതെങ്ങനെ? മോദിയോട് രാഹുല്‍

ദാവോസ്:  രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ്  ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഇന്ത്യയിലെ ഒരു ശതമാനം ഇന്ത്യക്കാര്‍ 73 ശതമാനം സ്വത്തും കൈവശം വയ്ക്കുന്നതിന്റെ കാരണങ്ങള്‍ക്കൂടി ദാവോസില്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യക്കാര്‍ക്കിടയിലെ സാമ്പത്തിക അസമത്വം ചൂണ്ടിക്കാട്ടുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് രാജ്യാന്തര സംഘടനയായ ഓക്‌സ്ഫാം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 'പ്രധാനമന്ത്രിയുടെ അറിവിലേക്കായി ഒരു റിപ്പോര്‍ട്ട് കൂടി ചേര്‍ക്കുന്നു' എന്ന കുറിപ്പോടെ ഈ റിപ്പോര്‍ട്ടു കൂടി പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

അതേസമയം, സ്വാതന്ത്യ്രത്തിനുശേഷം ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഈ വര്‍ധിച്ച സാമ്പത്തിക അസമത്വത്തിനു പിന്നിലെന്ന് ബിജെപി വക്താവ് സാംപിത് പാത്ര പ്രതികരിച്ചു. ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയെ ശല്യപ്പെടുത്തരുതെന്നും അദ്ദേഹത്തിനായി താന്‍ മറുപടി നല്‍കുന്നുവെന്നുമുള്ള ആമുഖത്തോടെയാണ് പാത്രയുടെ ട്വീറ്റ്.

നേരത്തെ, ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നിക്ഷേപകരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു.  കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജിഡിപി വളര്‍ച്ച ആറു മടങ്ങു വര്‍ധിച്ചതായും മോദി ചൂണ്ടിക്കാട്ടി. ഈ പ്രസംഗത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com