ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതായി സര്‍വ്വേ; രാജസ്ഥാന്‍, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടും 

മെയ് 2017നും ജനുവരി 2018നും ഇടയില്‍ വോട്ടുവിഹിതത്തില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായതായി ലോക്‌നീതി -സിഎസ്ഡിഎസ്- എബിപി മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ
ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതായി സര്‍വ്വേ; രാജസ്ഥാന്‍, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടും 

ന്യൂഡല്‍ഹി:  വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്ന വോട്ടുവിഹിതത്തില്‍ സമീപകാലത്ത് ഇടിവുണ്ടായതായി സര്‍വ്വേ.  മെയ് 2017നും ജനുവരി 2018നും ഇടയില്‍ വോട്ടുവിഹിതത്തില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായതായി ലോക്‌നീതി -സിഎസ്ഡിഎസ്- എബിപി മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിച്ചത്. എങ്കിലും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തകര്‍പ്പന്‍ വിജയം മോദി സര്‍ക്കാരിന്റെ ജനപ്രിയത ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായകമായെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു.

സമീപകാലത്ത് ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഉണ്ടായ കുറവ് എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പര്യാപ്തമല്ല. 2019 തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുവിഹിതമാണ് ബിജെപിയും സഖ്യകക്ഷികളും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനും മറ്റു സഖ്യകക്ഷികള്‍ക്കും  ലഭിക്കുന്ന വോട്ടിന്റെ പത്തുശതമാനം അധികം കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അനൈക്യം എന്‍ഡിഎയ്ക്ക് അധികാരം നിലനിര്‍ത്തുന്നതിനുളള വഴി എളുപ്പമാക്കുമെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു. 19 സംസ്ഥാനങ്ങളില്‍ നിന്നായി 14000 ആളുകളില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ തയ്യാറാക്കിയത്. 


ദക്ഷിണേന്ത്യയില്‍ മാത്രം കോണ്‍ഗ്രസ് മുന്നണി ബിജെപിയെക്കാള്‍ മേല്‍ക്കൈ നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ബിജെപിയുമായുളള അന്തരം കുറയ്ക്കാന്‍ കഴിയുമെന്നത് കോണ്‍ഗ്രസ് മുന്നണിക്ക് ആശ്വാസമാകുമെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു.


അതേസമയം കര്‍ഷകര്‍, വ്യാപാരികള്‍ എന്നി വിഭാഗങ്ങള്‍ക്ക് ബിജെപിയിലുളള വിശ്വാസത്തില്‍ ഇടിവുണ്ടായതായും സര്‍വ്വേ ഓര്‍മ്മപ്പെടുത്തുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ ബിജെപിയെക്കാള്‍ ഭേദമാണെന്നാണ് ഇവരുടെ പക്ഷം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായത് ഇതാണ്. എങ്കിലും കര്‍ഷകരുടെയിടയില്‍ ഇപ്പോഴും ഏഴു ശതമാനത്തിന്റെ മുന്‍തൂക്കം ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമുണ്ട്.

തൊഴിലില്ലായ്മ വര്‍ധിച്ചത് ചെറുപ്പക്കാരുടെയിടയില്‍ ബിജെപിയോടുളള അതൃപ്തി വര്‍ധിക്കാന്‍ കാരണമായി. 18 വയസ്സിനും 25 വയസ്സിനും ഇടയിലുളള ചെറുപ്പക്കാരുടെയില്‍ ബിജെപിക്കുളള പിന്തുണ കുറഞ്ഞിട്ടുണ്ട്. ഒന്‍പതുശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു. അതേസമയം വരേണ്യവര്‍ഗത്തിനിടയില്‍ ബിജെപിക്കുളള പിന്തുണയില്‍ വര്‍ധന ഉണ്ടായതായും സര്‍വ്വേ ചൂണ്ടികാണിക്കുന്നു. 

രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനോടുളള അതൃപ്തിയാണ് ഇവിടെ പ്രതിഫലിക്കുകയെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com