കര്‍ണാടകയില്‍ ബിജെപിയും ഒവൈസിയും തമ്മില്‍ രഹസ്യധാരണ: ആരോപണവുമായി കോണ്‍ഗ്രസ് 

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയും ഓള്‍ ഇന്ത്യ മജ്‌ലിസ ഇ എത്തെഹാദ് ഉല്‍ മുസ്ലിമിന്‍ പാര്‍ട്ടിയുടെ നേതാവ് അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ രഹസ്യധാരണയെന്ന് കോണ്‍ഗ്രസ് ആരോപണം
കര്‍ണാടകയില്‍ ബിജെപിയും ഒവൈസിയും തമ്മില്‍ രഹസ്യധാരണ: ആരോപണവുമായി കോണ്‍ഗ്രസ് 

ബംഗ്ലൂരു: ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയും ഓള്‍ ഇന്ത്യ മജ്‌ലിസ ഇ എത്തെഹാദ് ഉല്‍ മുസ്ലിമിന്‍ പാര്‍ട്ടിയുടെ നേതാവ് അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ രഹസ്യധാരണയെന്ന് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബിജെപി ഇത്തരത്തില്‍ നീക്കം നടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും കാഴ്ചവെയ്ക്കുന്നത്. പ്രചരണരംഗത്ത് ഇരുപാര്‍ട്ടികളും തമ്മിലുളള വാക്‌പോര് മുറുകുകയാണ്. ഇതിനിടെയാണ് ഹിന്ദുത്വപാര്‍ട്ടിയുടെ മുഖ്യവിമര്‍ശകന്‍ എന്നറിയപ്പെടുന്ന അസദുദ്ദീന്‍ ഒവൈസിയുമായി ബിജെപി രഹസ്യധാരണ ഉണ്ടാക്കിയതായുളള ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുളള കുറഞ്ഞത് 50 നിയമസഭ മണ്ഡലങ്ങളിലെങ്കിലും ഒവൈസിയുടെ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് തങ്ങളുടെ വോട്ടുകള്‍ വിഭജിപ്പിക്കുകയാണ് ബിജെപിയുടെ തന്ത്രമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

ഒവൈസിയും ബിജെപിയും തമ്മിലുളള രഹസ്യധാരണ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മുസ്ലീങ്ങളുടെ മിശിഹ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒവൈസി ബിജെപിയുടെ ഏജന്റാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയെ സഹായിക്കാന്‍ ഇത്തരത്തില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിന് വേണ്ടി ബിജെപി ആരുടെ കൂടെ വേണമെങ്കിലും കൂട്ടുകൂടുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ രഹസ്യധാരണയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 

സംസ്ഥാനത്ത് ജനസംഖ്യയുടെ 13 ശതമാനം മുസ്ലീങ്ങളാണെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.  വര്‍ഷങ്ങളായി ഒവൈസി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചുവരുകയാണ്. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയാണ് എന്നതാണ് ഒവൈസിയുടെ ആവര്‍ത്തിച്ചുളള ആക്ഷേപം. 

ഇതിനിടെ  വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഹൈദരാബാദ് നൈസാമിന്റെ അധികാരപരിധിയിലുണ്ടായിരുന്ന ബിഡാര്‍, റെയ്ച്ചാര്‍, യാദാഗിരി, ഗുല്‍ബര്‍ഗാ, കോപ്പല്‍ എന്നി ജില്ലകള്‍ മുസ്ലീങ്ങള്‍ക്ക് സ്വാധീനമുളള പ്രദേശങ്ങളാണ്. ഇവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നത് ഒവൈസിയുടെ ദീര്‍ഘകാല ലക്ഷ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com