തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം,ആത്മഹത്യാപരമെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാനുളള ഒരു വിഭാഗം നേതാക്കളുടെ നീക്കത്തില്‍ ബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നത
തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം,ആത്മഹത്യാപരമെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് 

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാനുളള ഒരു വിഭാഗം നേതാക്കളുടെ നീക്കത്തില്‍ ബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നത. ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാനുളള നേതൃത്വത്തിന്റെ ശ്രമം ആത്മഹത്യപരമാണെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് ആദിര്‍ രഞ്ജന്‍ ചൗധരി വിഭാഗം ആരോപിക്കുന്നു. അതേസമയം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഖ്യം സഹായിക്കുമെന്ന് മറുഭാഗം വാദിക്കുന്നു.

ദേശീയതലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാലസഖ്യം രൂപീകരിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ സജീവമാണ്. ദേശീയ മാതൃകയില്‍ സംസ്ഥാനത്ത് വിശാല സഖ്യം രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടി കോണ്‍ഗ്രസ് എംപി അബു ഗസീം ഖാന്‍ ചൗധരിയുടെ നേതൃത്വത്തിലുളള സംഘം തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനവേളയിലായിരുന്നു കൂടിക്കാഴ്ച. അതിനാല്‍ ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

അതേസമയം ഈ കൂടിക്കാഴ്ചയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ബംഗാള്‍ പിസിസി പ്രസിഡന്റ് ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടന്നുവരുകയാണ്. ഇതിനിടയില്‍ ഇത്തരം സഖ്യസാധ്യതകള്‍ക്ക് ഒരു വിഭാഗം നേതാക്കള്‍ മൗനാനുവാദം നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് ഇവര്‍ ആരോപിക്കുന്നു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയുടെ സംസ്ഥാനഘടകം ഔദ്യോഗികമായി ആരെയും നിയോഗിച്ചിട്ടില്ലെന്നും ആദിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. 

അതേസമയം ഭാവി സാധ്യതകള്‍ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും ചില പ്രമുഖ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രത്യക്ഷ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് ഫരാക്കില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ മണിയുള്‍ ഹഖ് തുറന്നുപറഞ്ഞു. ബിജെപിയെ ചെറുക്കാന്‍ കഴിയുന്ന ഒരേ ഒരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് മണിയുള്‍ ഹഖ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com