കേന്ദ്രത്തിന് തിരിച്ചടി ; അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ; ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന് സുപ്രീംകോടതി

ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്ന വ്യക്തിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുത്.
കേന്ദ്രത്തിന് തിരിച്ചടി ; അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ; ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറാണ് പരമാധികാരിയെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് വിജയം. യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. ലഫ്റ്റനന്റ്് ഗവര്‍ണര്‍ പരമാധികാരിയല്ല. ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കണം. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സുപ്രീംകോടതി പരിമിതപ്പെടുത്തി. 

സര്‍ക്കാര്‍ തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്ന വ്യക്തിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുത്. ഡല്‍ഹി സര്‍ക്കാരിന് അധികാരമുള്ള വിഷയങ്ങളില്‍ താമസമില്ലാതെ, ഗവര്‍ണര്‍ തീരുമാനമെടുക്കണം.ഭരണപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ വൈകിക്കരുത്.  സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണം. അതേസമയം ഭരണഘടനയ്ക്ക് വിധേയമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇടപെടാം. ക്രമസമാധാനം, ഭൂമി, എന്നീ വിഷയങ്ങളിലാണ് ഇനി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അധികാരമുണ്ടാകൂ. മറ്റ് വിഷയങ്ങളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍്ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കണം. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് അയക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 

ഡല്‍ഹി സംസ്ഥാന പദവിയില്‍ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ പ്രത്യേകം വിധി പ്രസ്താവം നടത്തി. എന്നാല്‍ ഇവരും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിച്ചാകണം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വിധിയില്‍ പറയുന്നു. എല്ലാ കാര്യത്തിനും സര്‍ക്കാരിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണ്ട. സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ ലഫ്റ്റനന്‍ര് ഗവര്‍ണറോട് കൂടിയാലേചിക്കണമെന്നും കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം പരിമിതമാണ്. ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം ഭരണഘടനയ്ക്ക് അനുസൃതമാകണം. അതേസമയം ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ വ്യക്തമാക്കി. 

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മാനിക്കപ്പെടണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണും വിധിയില്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരം പരിമിതമാണെന്ന ഭൂരിപക്ഷ വിധിയോട് അദ്ദേഹവും യോജിച്ചു. ഡല്‍ഹിക്ക് പൂര്‍ണ പദവി നല്‍കാനാവില്ല. പ്രത്യേക പദവി മാത്രമേ ഉള്ളൂവെന്നും സുപ്രീംകോടതി വിധിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് അംഗങ്ങളായിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com