' അച്ഛനെ വിട്ടയയ്ക്കുമോ? ഞങ്ങള്‍ക്ക് സ്വസ്ഥമായി ഒന്നുറങ്ങണം, സ്‌കൂളില്‍ പോവണം'; പ്രധാനമന്ത്രിക്ക് കശ്മീരില്‍ നിന്നും രണ്ട് പെണ്‍കുട്ടികളുടെ കത്ത്

പ്രധാനമന്ത്രീ, അച്ഛനെ പിടിച്ചുകൊണ്ടു പോയ ശേഷം ഒരു ദിവസം പോലും ഞങ്ങള്‍ സമാധാനമായി ഉറങ്ങിയിട്ടില്ല. പഠനം മുടങ്ങി. വീടിപ്പോള്‍ മറ്റൊരു ജയിലുപോലെ ശോകമൂകമാണ്
' അച്ഛനെ വിട്ടയയ്ക്കുമോ? ഞങ്ങള്‍ക്ക് സ്വസ്ഥമായി ഒന്നുറങ്ങണം, സ്‌കൂളില്‍ പോവണം'; പ്രധാനമന്ത്രിക്ക് കശ്മീരില്‍ നിന്നും രണ്ട് പെണ്‍കുട്ടികളുടെ കത്ത്

ശ്രീനഗര്‍:  വിഘടനവാദിയെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ച ഷാഹിദ് -ഉല്‍-ഇസ്ലാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  പെണ്‍മക്കളുടെ വികാര നിര്‍ഭരമായ കത്ത്. തിഹാര്‍ ജയിലില്‍ അച്ഛനെ കാണാന്‍ പോയ തങ്ങളോട് കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തോട് പാകിസ്ഥാന്‍ പെരുമാറിയത് പോലെയാണ് ജീവനക്കാര്‍ പെരുമാറിയതെന്ന് സുസൈന്‍ഷായും സുന്ദാസ് ഷായും എഴുതുന്നു. 

'പ്രമേഹരോഗിയാണ് ഞങ്ങളുടെ അച്ഛന്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാണ്. വിളറി വെളുത്ത് നേര്‍ത്ത ശരീരമായി അച്ഛന്‍ മാറിക്കഴിഞ്ഞു.  ഞങ്ങളുടെ നെറ്റിയില്‍ ഒന്ന് സ്‌നേഹത്തോടെ ചുംബിക്കാന്‍ പോലും അദ്ദേഹത്തെ ജയിലധികൃതര്‍ അനുവദിച്ചില്ല.കൊലയാളികളുടെയും ക്രിമിനലുകളുടെയും കൂടെയാണ് അച്ഛനെ താമസിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രീ, അച്ഛനെ പിടിച്ചുകൊണ്ടു പോയ ശേഷം ഒരു ദിവസം പോലും ഞങ്ങള്‍ സമാധാനമായി ഉറങ്ങിയിട്ടില്ല. പഠനം മുടങ്ങി. വീടിപ്പോള്‍ മറ്റൊരു ജയിലുപോലെ ശോകമൂകമാണ്. അച്ഛനോളം സൗമ്യനായ ഒരു മനുഷ്യനോട് ജനാധിപത്യ രാജ്യം പെരുമാറുന്ന രീതി കണ്ട് ഞങ്ങള്‍ കരഞ്ഞു പോയി. അച്ഛനെ എത്രയും വേഗം വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കണം' എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓള്‍ പാര്‍ട്ടി ഹുറിയത് കോണ്‍ഫറന്‍സിന്റെ(മോഡറേറ്റ്)  മാധ്യമവിഭാഗം ഉപദേഷ്ടാവായിരുന്ന ഷഹീദിനെ ഒരു വര്‍ഷം മുമ്പാണ് തീവ്രവാദബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പക്ഷേ ഇതുവരേക്കും ഷഹീദിനെതിരെ തെളിവ് ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ല. പ്രതികരാബുദ്ധിയോടെ നടത്തിയ നിയമ വിരുദ്ധമായ നടപടിയെന്നായുരുന്നു ഹുറിയത്ത് കോണ്‍ഫറന്‍സ് ഇതിനോട് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com