ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ അധികാരം ആര്‍ക്ക്? സുപ്രിം കോടതി വിധിക്കു ശേഷവും ഡല്‍ഹിയില്‍ പോര് തുടരുന്നു

സുപ്രിം കോടതി വിധിയുടെ ചുവട് പിടിച്ചാണ് ഉദ്യോഗസ്ഥരുടെ നിയമനക്കാര്യങ്ങളും സ്ഥലംമാറ്റവും ഇനി മുതല്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചത്
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ അധികാരം ആര്‍ക്ക്? സുപ്രിം കോടതി വിധിക്കു ശേഷവും ഡല്‍ഹിയില്‍ പോര് തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണകാര്യങ്ങളെ കുറിച്ചുള്ള സുപ്രിംകോടതി വിധി വന്നത് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പേ കേന്ദ്രസര്‍ക്കാരും കെജ്രിവാളും വീണ്ടും ഇടയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎഎസ്  ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സ്ഥലം മാറ്റത്തിലാണ് പുതിയ തര്‍ക്കം. ആരംഭിച്ചിരിക്കുന്നത്. 
സുപ്രിം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി പ്രകാരം ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവ ഒഴിച്ച് മറ്റെല്ലാ അധികാരങ്ങളും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. ഈ വിധിയുടെ ചുവട് പിടിച്ചാണ് ഉദ്യോഗസ്ഥരുടെ നിയമനക്കാര്യങ്ങളും സ്ഥലംമാറ്റവും ഇനി മുതല്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചത്.

രണ്ട് വര്‍ഷം മുമ്പത്തെ ഹൈക്കോടതി വിധി അനുസരിച്ച് ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധിയില്‍ വരുന്നതാണ്. ഈ സംവിധാനം മാറ്റുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടേതടക്കമുള്ള ഗ്രേഡ് വണ്‍ ,ടൂ ജീവനക്കാരുടെയും പ്രൈവറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നിയമന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലും ഗ്രേഡ് മൂന്ന്, നാല് ജീവനക്കാരുടെ സ്ഥലംമാറ്റ വിഷയങ്ങള്‍ താന്‍ കൈകാര്യം ചെയ്യുമെന്നുമാണ് സിസോദിയ വ്യക്തമാക്കിയത്. സുപ്രിംകോടതി വിധിയെ മാനിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രിസഭയുമായി കൂടിയാലോചിക്കണമെന്നും സുപ്രിംകോടതി വിധിച്ചിരുന്നു. കോടതി വിധി ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com