ഗള്‍ഫ് സ്വപ്‌നം മങ്ങുന്നു; രണ്ടുവര്‍ഷത്തിനിടെ തൊഴില്‍ തേടി പോയവരുടെ എണ്ണം പകുതിയായി കുറഞ്ഞു

ഗള്‍ഫ് നാടുകളിലേയ്ക്ക് തൊഴില്‍ തേടി പോയവരുടെ എണ്ണം പകുതിയായി താഴ്ന്നതായി റിപ്പോര്‍ട്ട്
ഗള്‍ഫ് സ്വപ്‌നം മങ്ങുന്നു; രണ്ടുവര്‍ഷത്തിനിടെ തൊഴില്‍ തേടി പോയവരുടെ എണ്ണം പകുതിയായി കുറഞ്ഞു

മുംബൈ: ഗള്‍ഫ് നാടുകളിലേയ്ക്ക് തൊഴില്‍ തേടി പോയവരുടെ എണ്ണം പകുതിയായി താഴ്ന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കുടിയേറ്റ നയം കടുപ്പിച്ചതാണ് ഇതിന് കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

2015, 2017 വര്‍ഷങ്ങളിലെ എമിഗ്രേഷന്‍ ക്ലിയറന്‍സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് 2015ല്‍ 7.6 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് 
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോയത്. എന്നാല്‍ 2017ല്‍ ഇത് 3.7 ലക്ഷമായി താഴ്ന്നു.  നിതാഖാത്ത് ഉള്‍പ്പെടെ തദ്ദേശീയരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ നിരവധി പരിഷ്‌ക്കരണ നടപടികള്‍ക്കാണ് ഗള്‍ഫ് രാജ്യങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്. ഇതോടെ തൊഴില്‍ സാധ്യത കുറഞ്ഞതാണ് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണം.

2017ല്‍ ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയ ഇന്ത്യക്കാരില്‍ അധികവും പോയിരിക്കുന്നത് യുഎഇയിലേക്കാണ്. 1.5 ലക്ഷം പേരാണ് യുഎഇയില്‍ തൊഴില്‍ തേടി പോയത്. സൗദി അറേബ്യയാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ 74 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78,000 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലേക്ക് തൊഴില്‍ തേടി പോയിരിക്കുന്നത്.  നിതാഖാത്ത് ഉള്‍പ്പെടെയുളള കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയായത്.
 
വിദേശരാജ്യങ്ങളില്‍ നിന്നും സ്വദേശത്തേയ്ക്ക് പണമയയ്ക്കുന്നവരുടെ തുകയില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നതായി വേള്‍ഡ് ബാങ്ക് കണക്ക് വ്യക്തമാക്കുന്നു. 2017ല്‍ 6900 കോടി ഡോളറാണ് ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ അയച്ചത്. ഇതില്‍ 56 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com