അകത്തായവര്‍ നിരപരാധികള്‍; ജയിലില്‍ കലാപക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ കലാപത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്
അകത്തായവര്‍ നിരപരാധികള്‍; ജയിലില്‍ കലാപക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി


 
പാട്‌ന: കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിന്‍ഹ. ബിഹാറിലെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതികളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്.സന്ദര്‍ശനം അരമണിക്കൂറോളം നീണ്ടു. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും മന്ത്രി സന്ദര്‍ശിച്ചു.

2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ കലാപത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ നേതാവ് ജിതേന്ദ്ര പ്രതാപ്, വി.എച്ച്.പി നേതാവ് കൈലാഷ് വിശ്വകര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇരുവരേയും കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച മന്ത്രി, അവര്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി. അവരെ എങ്ങനെയാണ് കലാപകാരികള്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അക്ബര്‍പൂരില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം തകര്‍ക്കപ്പെട്ടപ്പോള്‍ അതുപോലൊരു പള്ളി തകര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍, സാമുദായിക സന്തുലനം പാലിക്കാന്‍ ഹിന്ദുക്കളെ അടിച്ചമടര്‍ത്തുകയാണ്.ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തിയാലേ സമുദായ ഐക്യം ഉണ്ടാകുകയുള്ളൂവെന്നാണ് നിതീഷ് കരുതുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറില്‍ ജെ.ഡി.യു നയിക്കുന്ന നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സഖ്യകക്ഷിയാണ് ബി.ജെ.പി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com