ഒറ്റ തെരഞ്ഞെടുപ്പ്: ആശയവ്യക്തതയില്ലാതെ പ്രതിപക്ഷം; എസ്പിയും ടിആര്‍എസും മോദിക്കൊപ്പം

ലോകസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്താമെന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് സമമാജ്‌വാദി പാര്‍ട്ടിയും തെലങ്കാന രാഷ്ട്രീയസമിതിയും
ഒറ്റ തെരഞ്ഞെടുപ്പ്: ആശയവ്യക്തതയില്ലാതെ പ്രതിപക്ഷം; എസ്പിയും ടിആര്‍എസും മോദിക്കൊപ്പം


ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്താമെന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് സമമാജ്‌വാദി പാര്‍ട്ടിയും തെലങ്കാന രാഷ്ട്രീയസമിതിയും. ഇതോടെ ഒറ്റ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. 

2019 മുതല്‍ ഇതു തുടങ്ങണമെന്ന് എസ്പി നേതാവും രാജ്യസഭാംഗവുമായ രാംഗോപാല്‍ യാദവ് പറഞ്ഞു. നിയമ കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എസ്പി നിലപാട് അറിയിച്ചത്. വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി നിയമ കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി.

ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഖ്യം രാഷ്ട്രപതിയെയോ ഗവര്‍ണറെയോ കണ്ടു സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. അങ്ങനെ വരുമ്പോള്‍ ഇത്ര കാലത്തേക്ക് ഇരുകൂട്ടരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന ഉറപ്പ് എഴുതി നല്‍കാന്‍ രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ ആവശ്യപ്പെടാം. ഒരു പാര്‍ട്ടി സഖ്യ സര്‍ക്കാരില്‍നിന്നു വിട്ടുപോകുകയാണെങ്കില്‍ നിയമപരമായി സ്പീക്കര്‍ക്ക് ഇതില്‍ നടപടിയെടുക്കാന്‍ കഴിയണം- എസ്പിയുടെ കത്തില്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി സഖ്യം വിട്ടാല്‍ സ്പീക്കര്‍ ഒരു നടപടിയും എടുക്കുന്നില്ല. അതുകൊണ്ടാണ് അങ്ങനെയൊരു കാര്യം നിയമത്തില്‍ വേണമെന്നു പറയുന്നത്. അധികാരത്തിലേറി മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ താഴെപ്പോയാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണമൊന്നും നടപ്പാകില്ല. അപ്പോള്‍ ആ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷത്തേക്കു നീട്ടിവയ്ക്കണമെന്നും കത്തില്‍ പറയുന്നു.

ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദേശത്തെ ടിആര്‍എസും പിന്താങ്ങി. ഇത്രയും സമയവും പണവും ചെലവിടുന്നത് ഒഴിവാക്കാമെന്ന് നിര്‍ദേശത്തെ പിന്തുണച്ച് ടിആര്‍എസ് പറഞ്ഞു. രാജ്യമെങ്ങും ഒരേ സമയം തെരഞ്ഞെടുപ്പ് നടന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേപോലെ അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാനാകും. അല്ലെങ്കില്‍ പല തിരഞ്ഞെടുപ്പുകള്‍ക്കായി ഓടിനടക്കേണ്ടിവരുമെന്നും ടിആര്‍എസ് നേതാവ് ബി. വിനോദ്കുമാര്‍ അറിയിച്ചു.

അതേസമയംകോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, എഐഎഡിഎംകെ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ത്ത് ശക്തമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 356 നിലനില്‍ക്കുന്ന കാലത്തോളം തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഡിഎംകെ ആരോപിച്ചു.

പാര്‍ലമെന്റില്‍ നിന്നും വ്യത്യസ്തമായി യോഗം വിളിച്ചുചേര്‍ക്കാനുളള നിയമകമ്മീഷന്റെ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ നീക്കം നടത്തുന്ന നിയമകമ്മീഷന്റെ നടപടി അര്‍ത്ഥശൂന്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിയമ കമ്മീഷന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നത് സംബന്ധിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയും സ്പീക്കറും തയ്യാറാകുന്നില്ല. വിഷയത്തെ ഗൗരവത്തോടെ കാണാതെ, നിയമകമ്മീഷനെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com