ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യം തുടരുമെന്ന് നിതീഷ് കുമാർ

സീറ്റ് ചർച്ചകൾക്കായി നിതീഷ് കുമാർ ഈ മാസം 12 ന് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തും
ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യം തുടരുമെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന്​ ജനതാദൾ യുണൈറ്റഡ് അധ്യക്ഷനും, ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചു.  പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ സഖ്യം സംബന്ധിച്ച്​ നിതീഷ്​ കുമാർ നിലപാട് പ്രഖ്യാപിച്ചത്. ജെഡിയുവിന്റെ ദേശീയ സെക്രട്ടറിമാർ, സംസ്ഥാന പ്രസിഡൻറുമാർ, ബീഹാറിലെ മുതിർന്ന നേതാക്കൾ എന്നിവരാണ്​ ന്യൂഡൽഹിയിലെ ബീഹാർ നിവാസിൽ ചേർന്ന യോ​ഗത്തിൽ സംബന്ധിച്ചത്. ബിജെപി സഖ്യം തുടരാനുള്ള നിതീഷിന്റെ നിർദേശം ഭൂരിഭാ​ഗം നേതാക്കളും അനുകൂലിച്ചു. 

സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ 17 മുതൽ 18 സീറ്റുകൾ വേണമെന്ന ആവശ്യം ബി.ജെ.പിയോട്​ ഉന്നയിക്കാനാണ്​ പാർട്ടി തീരുമാനം. 17 സീറ്റുകൾ ലഭിച്ചാലും ജെഡിയു തൃപ്തരാകും. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിൽ മൽസരിക്കാനാണ് ആലോചനയെന്ന് മുതിർന്ന പാർട്ടി നേതാവ് സൂചിപ്പിച്ചു. ശേഷിക്കുന്ന ആറു സീറ്റുകൾ, സഖ്യകക്ഷികളായ എൽജെപി, ആർഎൽഎസ്പി എന്നിവയ്ക്ക് നൽകും. 

സീറ്റ് ചർച്ചകൾക്കായി പാർട്ടി നേതാവ് നിതീഷ് കുമാറിനെ യോ​ഗം ചുമതലപ്പെടുത്തി. ഇക്കാര്യം ചർച്ച ചെയ്യാനായി നിതീഷ് കുമാർ ഈ മാസം 12 ന് ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com