ഞങ്ങള്‍ ആത്മാഭിമാനമുള്ളവരാണ്;  ചെന്നൈയിലെത്തിയ ബിജെപി അധ്യക്ഷനോട് കടക്ക് പുറത്തുപറഞ്ഞ് തമിഴ് ജനത; ഹാഷ്ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ ടോപ് ട്രെന്റ്

ചെന്നൈ സന്ദര്‍ശിക്കാനെത്തിയ ബിജെപി അധ്യക്ഷന് എതിരെ ഗോബാക്ക് അമിത് ഷാ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്
ഞങ്ങള്‍ ആത്മാഭിമാനമുള്ളവരാണ്;  ചെന്നൈയിലെത്തിയ ബിജെപി അധ്യക്ഷനോട് കടക്ക് പുറത്തുപറഞ്ഞ് തമിഴ് ജനത; ഹാഷ്ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ ടോപ് ട്രെന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ നടന്ന കനത്ത പ്രതിഷേധത്തിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ചെന്നൈ സന്ദര്‍ശിക്കാനെത്തിയ ബിജെപി അധ്യക്ഷന് എതിരെ ഗോബാക്ക് അമിത് ഷാ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. 

തിങ്കളാഴ്ച രാവിലെയാണ് ഗോബാക്ക് അമിത് ഷാ ഹാഷ്ടാഗ് ക്യാമ്പയിന്‍ ആരംഭിച്ചത്. 12മണിക്കുള്ളില്‍ 75000 ഹാഷ്ടാഗുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൂത്തുക്കുടി വെടിവെയ്പില്‍ പ്രതിഷേധിച്ചാണ് അമിത് ഷായ്ക്ക് എതിരെ ക്യാമ്പയിന്‍ നടക്കുന്നത്. തമിഴ്‌നാട് ബിജെപിയുടെ വാട്ടര്‍ലൂവാണ്. രാജ്യത്തെ മറ്റ് ജനങ്ങള്‍ കരുതും തമിഴ്‌നാട് ജനത തീവ്രവാദികളും ഭ്രാന്തരുമാണെന്ന്. പക്ഷേ ഞങ്ങള്‍ തൂത്തുക്കുടിയിലെ ഉപ്പ് ഭക്ഷിക്കുന്ന ആത്മാഭിമാനുള്ള ജനതയാണ്- തമിഴ് വ്യവസായി സി.കെ കുമാരവേല്‍ ട്വിറ്ററില്‍ കുറിച്ചു. 

നേപ്പാളില്‍ നിന്നും നോര്‍ത്തില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഞങ്ങള്‍ ആളുകളെ സ്വാഗതം ചെയ്യും,എന്നാല്‍ നിങ്ങള്‍ക്കിവിടെ പ്രവേശനമില്ല- പിരൈ കണ്ണന്‍ എന്നൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. അതേസമയം പ്രതിഷേധം കനക്കുന്നതിനിടയില്‍ അമിത് ഷാ ചെന്നൈയിലെത്തി. കനത്ത സുരക്ഷയാണ് ബിജെപി അധ്യക്ഷന് ഒരുക്കിയിരിക്കുന്നത്. 

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്. ബൂത്ത് തലം മുതലുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി സംഘടനയെ ശക്തിപ്പെടുത്താനാണ് ബിജെപി അധ്യക്ഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ ശക്തമായി നിലനില്‍ക്കുന്ന ബിജെപി വിരുദ്ധത പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. 

ഏപ്രില്‍ പന്ത്രണ്ടിന് ഡിഫന്‍സ് എക്‌സപോ ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി മോദിയെ കരിങ്കൊടി കാട്ടിയാണ് തമിഴകം സ്വീകരിച്ചത്. കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കിയെങ്കിലും മോദി ഗോബാക്ക് എന്നെഴുതിയ ബലൂണുകള്‍ പറത്തിവിട്ട് തമിഴ്‌നാട് പ്രതിഷേധിച്ചു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ 13പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് വെടിവയ്പിന് പിന്നാലെയുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com