ബീഹാറിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരും, ജെഡിയു സഖ്യം തുടരും: അമിത് ഷാ 

ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായുളള സഖ്യം പാര്‍ട്ടി തുടരുമെന്ന് ബിജപി ദേശീയ പ്രസിഡന്റ് അമിത് ഷാ.
ബീഹാറിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരും, ജെഡിയു സഖ്യം തുടരും: അമിത് ഷാ 

പാറ്റ്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായുളള സഖ്യം പാര്‍ട്ടി തുടരുമെന്ന് ബിജപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ബീഹാറില്‍ ജെഡിയു സഖ്യത്തില്‍ വിളളല്‍ വീണതായുളള റിപ്പോര്‍ട്ടുകള്‍ തളളിയാണ് അമിത് ഷാ രംഗത്തുവന്നത്. ബീഹാര്‍ സന്ദര്‍ശനവേളയില്‍ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം.

ജെഡിയു സഖ്യത്തില്‍ വിളളല്‍ വീഴുമെന്നായിരുന്നു പതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി- ജെഡിയു സഖ്യം  40 സീറ്റുകളില്‍ വിജയിച്ച് സംസ്ഥാനം തൂത്തുവാരുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. പാറ്റ്്‌നയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരും. ആദ്യമുണ്ടായ മോദി തരംഗം പിന്നിട് കൊടുങ്കാറ്റായി മാറി. ഇപ്പോള്‍ ഇത് സുനാമിയായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യം വികസനത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

അമിത് ഷായുമായുളള കൂടിക്കാഴ്ചയില്‍ ബിജെപിയുടെ 'ഓഫര്‍' എന്തായിരിക്കുമെന്നു നോക്കിയതിനു ശേഷം മാത്രം സഖ്യത്തില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുളളുവെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജെഡിയുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ് തന്ത്രപരമായ ഇടപെടല്‍ നടത്തിയെന്ന് അമിത് ഷായുടെ പ്രതികരണത്തില്‍ നിന്നും വ്യാഖ്യാനിക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം ഉള്‍പ്പെടെ ഇരുവിഭാഗങ്ങള്‍ക്കിടയിലുളള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു എന്നാണ് വിവരം. 

ബിജെപിയുമായി കഴിഞ്ഞ വര്‍ഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തിയത്. സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ പ്രാഥമിക കൂടിക്കാഴ്ച നടത്തി. ഉച്ചയൂണിനു നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലെത്തിയ അമിത് ഷായുമായി വിശദമായ നിലയില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. സീറ്റുവിഭജനം സംബന്ധിച്ച തീരുമാനം യോഗത്തില്‍ ഉണ്ടാകാനിടയില്ലെങ്കിലും സഖ്യത്തില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കും വിധമുള്ള ഒരു വിശാല അഭിപ്രായ ഐക്യം രൂപപ്പെടാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെക്കാള്‍ സീറ്റുകള്‍ വേണമെന്നു ജെഡിയു ആവശ്യമുന്നയിച്ചതോടെയാണു ബിഹാറിലെ സഖ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. തുടര്‍ന്ന് ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറാണെന്നു വരെ നിതീഷ്‌കുമാര്‍ അഭിപ്രായപ്പെടുകയായിരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യത്തിലേയ്ക്കു ജെഡിയു മടങ്ങിയേക്കുമെന്ന സംശയവും പ്രബലമാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇരുപത്തിരണ്ടും ജെഡിയുവിനു രണ്ടും സീറ്റാണു ലഭിച്ചത്. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത തവണ സീറ്റു വീതം വയ്ക്കുന്നതിനോടു ജെഡിയു യോജിക്കുന്നില്ല. 2015 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാവണം ധാരണയെന്നാണ് അവരുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുമായി 'മഹാസഖ്യ'മുണ്ടാക്കിയാണു ജെഡിയു മത്സരിച്ചത്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് ആര്‍ജെഡിക്കാണെങ്കിലും നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തി. പിന്നീട് ആര്‍ജെഡിയുമായി പിണങ്ങിപ്പിരിഞ്ഞ നിതീഷ് ബിജെപിയുമായി ചേര്‍ന്നു പുതിയ സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ കണക്കിലെടുക്കാതെ സീറ്റു വിഭജനം സാധ്യമല്ലെന്നാണു ജെഡിയു വാദം. സീറ്റു കുറവായിരുന്നെങ്കിലും അന്നു പാര്‍ട്ടിക്കു 16% വോട്ടുണ്ടായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റാണ് അവര്‍ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com