'നീതിന്യായ വ്യവസ്ഥയില്‍ ഇത് വിപ്ലവത്തിനുള്ള സമയം'; കോടതിമുറികള്‍ സ്വതന്ത്രമാകണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

 സാധാരണക്കാരന് നീതി ലഭ്യമാകണമെങ്കില്‍ കോടതിമുറികള്‍ പുറത്തുനിന്നുള്ള ഇടപെടലുകളില്‍ നിന്ന് മുക്തമാകേണ്ടതുണ്ട്. രാജ്യത്തിന് സ്വതന്ത്രരായ മാധ്യമപ്രവര്‍ത്തകരെയും നിര്‍ഭയരായ ന്യായാധിപന്‍മാരെയുമാണ് 
'നീതിന്യായ വ്യവസ്ഥയില്‍ ഇത് വിപ്ലവത്തിനുള്ള സമയം'; കോടതിമുറികള്‍ സ്വതന്ത്രമാകണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പരിഷ്‌കരണമല്ല വിപ്ലവമാണ് ഉണ്ടാകേണ്ടത് എന്ന് മുതിര്‍ന്ന സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സാധാരണക്കാരന് നീതി ലഭ്യമാകണമെങ്കില്‍ കോടതിമുറികള്‍ പുറത്തുനിന്നുള്ള ഇടപെടലുകളില്‍ നിന്ന് മുക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 മുമ്പ് സാധാരണക്കാരന്റെ അവസാനത്തെ അഭയകേന്ദ്രവും പ്രതീക്ഷയുമായിരുന്നു കോടതി. എന്നാലിന്ന് ആ വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെയും ജനങ്ങളുടെയും കാവല്‍ക്കാരനായി മാറേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സ്വതന്ത്രരായ മാധ്യമപ്രവര്‍ത്തകരെയും നിര്‍ഭയരായ ന്യായാധിപന്‍മാരെയുമാണ് വരും നാളുകളിലേക്ക് ആവശ്യമെന്നും ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ മണത്തറിയാനുള്ള കഴിവ് ന്യായാധിപന്‍മാര്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രിംകോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബര്‍ രണ്ടിന് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനം ഒഴിയുമ്പോള്‍ നിലവിലുള്ള കീഴ്‌വഴക്കം അനുസരിച്ച് ജസ്റ്റിസ് ഗൊഗോയുടെ പേരാണ് നിര്‍ദ്ദേശിക്കേണ്ടത്.

ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് ഗൊഗോയെ  ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് ജെ ചെലമേശ്വറിനും മറ്റ് രണ്ട് ജഡ്ജിമാര്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമായിരുന്നു അന്നത്തെ വാര്‍ത്താ സമ്മേളനത്തിന്റെ ഉള്ളടക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com