'മലബാര്‍' ബിരിയാണിക്കായി ബംഗാള്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം; അവസാനം സുപ്രീംകോടതി പറഞ്ഞു 'മലബാര്‍ ആരുടേയും കുത്തകയല്ല'

കേരള, തമിഴ്‌നാട്  വിപണികള്‍ മുന്നില്‍ക്കണ്ട് ബിരിയാണി അരിക്ക് മലബാര്‍ എന്ന് പേരിട്ടതാണ് തര്‍ക്കത്തിന് കാരണമായത്
'മലബാര്‍' ബിരിയാണിക്കായി ബംഗാള്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം; അവസാനം സുപ്രീംകോടതി പറഞ്ഞു 'മലബാര്‍ ആരുടേയും കുത്തകയല്ല'

കേരളത്തിന്റെ സ്വന്തം മലബാറിനായി രണ്ട് ബംഗാള്‍ കമ്പനികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം സുപ്രീംകോടതി പരിഹരിച്ചു. മലബാര്‍ എന്ന പേരിനു വേണ്ടിയാണ് രണ്ട് ബിരിയാണി കമ്പനികള്‍ കോടതി കയറിയത്. അവസാനം മലബാര്‍ എന്ന പേര് ആരുടേയും കുത്തകയല്ലെന്ന് വിധി പ്രഖ്യാപിച്ച് കോടതി തര്‍ക്കം തീര്‍പ്പാക്കി. കേരള, തമിഴ്‌നാട്  വിപണികള്‍ മുന്നില്‍ക്കണ്ട് ബിരിയാണി അരിക്ക് മലബാര്‍ എന്ന് പേരിട്ടതാണ് തര്‍ക്കത്തിന് കാരണമായത്. 

പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗ്രോ പ്രൊഡക്ട്‌സുമാണ് 'മലബാറി'നായി ഏറ്റുമുട്ടിയത്. ഇരുവരും മലബാര്‍ എന്ന പേരിലാണ് ബിരിയാണി അരി വിതരണത്തിന് എത്തിക്കുന്നത്. ബരോമ മലബാര്‍ ഗോള്‍ഡ് എന്ന പേരില്‍ അരി ഇറക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തങ്ങള്‍ 2001 മുതല്‍ 'മലബാര്‍' ബിരിയാണിയരി വില്‍ക്കുന്നവരാണെന്നും എതിര്‍കക്ഷി 'മലബാര്‍ ഗോള്‍ഡ്' എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരാഖ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

സംഭവം കേട്ട ശേഷം പരാഖിന് അനുകൂലമായി ഹൈക്കോടതി വിധി വന്നു. മലബാര്‍' എന്നു ബരോമ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കി. ഉത്തരവില്‍ ഇടപെടാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ചും പറഞ്ഞു. എന്നാല്‍, പരാഖിന്റെ വാദം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും 'മലബാര്‍' ആരുടെയും കുത്തകയല്ലെന്നും വിലക്കു നീക്കണമെന്നും ബരോമ വീണ്ടും അപേക്ഷിച്ചു. പേരു മാറ്റാന്‍ പറ്റില്ല, അല്പസ്വല്പം പരിഷ്‌കാരങ്ങളാവാമെന്നും അവര്‍ വ്യക്തമാക്കി. അതു സമ്മതിച്ച കോടതി ഇടക്കാല ഉത്തരവു പരിഷ്‌കരിച്ചു: ബരോമയ്ക്ക് ആ പേരിനൊപ്പം 'മലബാര്‍!' എഴുതാം. 'മലബാര്‍' എന്ന വാക്കിനു മറ്റുള്ളവയെക്കാള്‍ 25% വലുപ്പം കൂടാം. അത് ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു. 

ഇതിനെതിരേ പരാഖ് സുപ്രീംകോടതിയെ സമീപിക്കായിരുന്നു. ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ 'മലബാര്‍' എന്നത് തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ട വാക്കല്ലെന്ന് പരാഖ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. മലബാര്‍ കോസ്റ്റ്, മലബാര്‍ മണ്‍സൂണ്‍ തുടങ്ങിയ പേരുകളില്‍ ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡുകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ബരോമ വാദിച്ചു. 'മലബാര്‍' ആരുടെയും കുത്തകയല്ലെന്നും രണ്ടു കക്ഷികളുടെയും ഉല്‍പന്ന പായ്ക്കറ്റിന്‍മേല്‍ 'മലബാര്‍' എന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. രഞ്ജന്‍ ഗൊഗോയ്, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ചാണി വിധി പ്രഖ്യാപിച്ചത്. ബിരിയാണി തര്‍ക്കം തീര്‍പ്പാക്കിയതോടെ ഇരു കമ്പനികള്‍ക്കും മലബാറിന്റെ പേരില്‍ അരി കൊണ്ടുവരാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com