പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുല്‍; രാജ്യത്തിന് വേണ്ടത് പ്രതിപക്ഷ ഐക്യം; പിന്തുണയുമായി കുമാരസ്വാമി

സര്‍ക്കാരിനിടയില്‍ ഭിന്നാഭിപ്രായം ഉണ്ട് എന്നത് ബിജെപിയുടെ കെട്ടുകഥ മാത്രമാണ്. കോണ്‍ഗ്രസ് സഖ്യം ആവശ്യപ്പെടുകയും എനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുകയും ചെയ്തതിന്റെ ലക്ഷ്യം വ്യക്തമാണ്
പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുല്‍; രാജ്യത്തിന് വേണ്ടത് പ്രതിപക്ഷ ഐക്യം; പിന്തുണയുമായി കുമാരസ്വാമി


ബംഗളൂരു: രാജ്യത്ത് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്് ഡി കുമാരസ്വാമി. ഇന്ന് രാജ്യത്തിന് വേണ്ടത് പ്രതിപക്ഷ ഐക്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകശക്തിയായത് സഖ്യസര്‍ക്കാരുകളായിരുന്നെന്നും കുമാരസ്വാമി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ താന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പരമാവധി പിന്തുണയ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ പൂര്‍ണ വിജയമാണെന്നും തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും കുമാരസ്വാമി വ്യക്തമാക്കുന്നു. സര്‍ക്കാരിനിടയില്‍ ഭിന്നാഭിപ്രായം ഉണ്ട് എന്നത് ബിജെപിയുടെ കെട്ടുകഥ മാത്രമാണ്. കോണ്‍ഗ്രസ് സഖ്യം ആവശ്യപ്പെടുകയും എനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുകയും ചെയ്തതിന്റെ ലക്ഷ്യം വ്യക്തമാണ്. അത് അഞ്ചു വര്‍ഷത്തേക്കുള്ള കരാറാണ്. അതില്‍ ഇനി മാറ്റം ഒന്നും ഉണ്ടാകില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ അതൃപ്തി ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ അത് ഈ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല. കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞദിവസം പൊതുവേദിയില്‍ വച്ച് പൊട്ടിക്കരഞ്ഞ സംഭവത്തെക്കുറിച്ചും കുമാരസ്വാമി വിശദീകരിച്ചു. അത് കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ കാരണമല്ല. എന്റെ കുടുംബത്തെപ്പോലെ കരുതുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുമ്പിലാണ് ഞാന്‍ വിതുമ്പിയത്. സര്‍ക്കാരിനെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നുമുണ്ട്. അത് എന്നെ നിരാശനാക്കുന്നു. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചെങ്കിലും അംഗീകാരം എനിക്ക് ലഭിക്കണമെന്നും കുമാരസ്വാമി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com