ലോക്‌സഭയില്‍ ബലപരീക്ഷണത്തിന് തുടക്കം ; അവിശ്വാസ വോട്ടെടുപ്പ് വൈകീട്ട് ആറിന്, ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെഡി

അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറിന് നടക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍
ലോക്‌സഭയില്‍ ബലപരീക്ഷണത്തിന് തുടക്കം ; അവിശ്വാസ വോട്ടെടുപ്പ് വൈകീട്ട് ആറിന്, ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെഡി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കമായി. അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറിന് നടക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. അവിശ്വാസ പ്രമേയം ടിഡിപി എംപി ടി എസ് ശ്രീനിവാസ് അവതരിപ്പിച്ചു. ഈ സഭ മന്ത്രിസഭയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 

തുടര്‍ന്ന് ഗുണ്ടൂരിലെ ടിഡിപി എംപി ജയ്‌ദേവ് ഗല്ല നോട്ടീസിനെ പിന്തുണച്ച് സംസാരിച്ചു. അതേസമയം അവിശ്വാസ പ്രമേയ നോട്ടീസിന്മേലുള്ള നടപടികള്‍ ഇന്നുതന്നെ തീര്‍ക്കാനുള്ള ബിജെപി തീരുമാനത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു. മുന്‍കാലങ്ങളില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ മൂന്നു ദിവസം വരെ ചര്‍ച്ച നടന്നിട്ടുള്ള കാര്യം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്പീക്കര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. അംഗങ്ങള്‍ പാര്‍ട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്തില്‍ തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. 

അതേസമയം അവിശ്വാസ പ്രമേയ ചര്‍ച്ച തന്നെ ബഹിഷ്‌കരിക്കുന്നതായി ബിജു ജനതാദള്‍ വ്യക്തമാക്കി. ഈ ചര്‍ച്ച കൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും, അതിനാല്‍ പാര്‍ട്ടി, അവിശ്വാസ ചര്‍ച്ച തന്നെ ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ചു. പാര്‍ട്ടി നേതാവ് ഭര്‍തൃഹരി മെഹ്താബാണ് ബിജെഡി നിലപാട് അറിയിച്ചത്. തുടര്‍ന്ന് അവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

അതിനിടെ ബിജെപിക്ക് തിരിച്ചടി നല്‍കി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നായിരുന്നു ശിവസേന പ്രസ്താവിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും, കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വിപ്പ് പിന്‍വലിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഉദ്ധവ് താക്കറെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശിവസേനയ്ക്ക് ലോക്‌സഭയില്‍ 18 എംപിമാരാണ് ഉള്ളത്. 314 അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് ശിവസേന വിട്ടുനില്‍ക്കുന്നതോടെ അംഗസംഖ്യ 296 ആയി ചുരുങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com