ദോക്‌ലാമില്‍ വീണ്ടും ചൈനീസ് നിര്‍മ്മാണം ; ഇന്ത്യ  കണ്ണടയ്ക്കുന്നുവെന്ന് അമേരിക്ക

തെക്കന്‍ ചൈന കടലിന്റെ അധീശത്വത്തിനായി നടത്തിയ പോലുള്ള തന്ത്രപരമായ മുന്നേറ്റമാണ് ദോക്‌ലാമിലും ചൈന അവലംബിക്കുന്നതെന്നും യുഎസ്
ദോക്‌ലാമില്‍ വീണ്ടും ചൈനീസ് നിര്‍മ്മാണം ; ഇന്ത്യ  കണ്ണടയ്ക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ :  ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായ ദോക് ലാമില്‍ ചൈന വീണ്ടും റോഡ് നിര്‍മ്മാണം അടക്കമുള്ള പ്രവൃത്തികള്‍ ആരംഭിച്ചെന്ന് അമേരിക്ക. ഈ നീക്കത്തില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യയോ, ഭൂട്ടാനോ ശ്രമിക്കുന്നില്ലെന്നും യുഎസ് നയതന്ത്ര പ്രതിനിധി വ്യക്തമാക്കി. തെക്കന്‍ ചൈന കടലിന്റെ അധീശത്വത്തിനായി നടത്തിയ പോലുള്ള തന്ത്രപരമായ സൈനിക മുന്നേറ്റമാണ് ദോക്‌ലാമിലും ചൈന അവലംബിക്കുന്നതെന്നും യുഎസ് സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ഡി വെല്‍സ് പറഞ്ഞു. 

ചൈനയുടെ പ്രവൃത്തി ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യ അതിര്‍ത്തി സംരക്ഷിക്കാന്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്. നേരത്തെ ദോക് ലാമില്‍ ചൈനീസ് സൈന്യം അനധികൃത നിര്‍മ്മാണം ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു. ഇരു സൈന്യവും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ, മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. 73 ദിവസത്തോളം ദോക്‌ലാം വിഷയത്തില്‍ സംഘര്‍ഷം തുടര്‍ന്നു. 

ഒടുവില്‍ നയതന്ത്ര ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. തങ്ങളുടെ അധീനതയിലുള്ള ടിബറ്റിലേക്കാണ് റോഡ് നിര്‍മ്മിക്കുന്നതെന്നായിരുന്നു ചൈന അവകാശപ്പെട്ടിരുന്നത്. അതേസമയം റോഡ് നിര്‍മ്മാണത്തിനെതിരെ ഭൂട്ടാനും രംഗത്തെത്തിയിരുന്നു. തെക്കന്‍ ചൈന കടലിലും ചൈന പരമാധികാരം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പീന്‍സ്, ബ്രൂണെ, തായ് വാന്‍ എന്നിവ ചൈനയുടെ അവകാശ വാദത്തെ എതിര്‍ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com