സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുക രണ്ട് രൂപയില്‍ താഴെ മാത്രം!

ജിഎസ്ടി സ്ലാബില്‍ നിന്ന് ഒഴിവാക്കിയതോടെ 12 ശതമാനം വിലക്കുറവ് സാനിറ്ററി നാപ്കിനുകള്‍ക്ക് ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്
സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുക രണ്ട് രൂപയില്‍ താഴെ മാത്രം!

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കില്‍ നിന്ന് ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വിലയില്‍ വലിയ കുറവ് ഉണ്ടാകുമെന്ന് വിചാരിക്കുകയേ വേണ്ട. ഒന്നര ശതമാനം വിലക്കുറവാകും ലഭ്യമാവുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സാനിറ്ററി നാപ്കിന്‍ വാങ്ങുമ്പോള്‍ ഏകദേശം രണ്ട് രൂപയോളം മാത്രമേ വില കുറയുകയുള്ളൂ.  12 ശതമാനം വിലക്കുറവ് സാനിറ്ററി നാപ്കിനുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  ജിഎസ്ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കിയതോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും ഒഴിവായി. ഇതോടെയാണ് തുച്ഛമായ കുറവ് വിലയില്‍ ഉണ്ടാകുന്നത്. ജിഎസ്ടി ഒഴിവാക്കിയിട്ടും വിലയില്‍ വലിയ കുറവ് വരാത്തതിനെ കുറിച്ച് സാനിറ്ററി നാപ്കിന്‍ കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.

ജിഎസ്ടി നോട്ടിഫിക്കേഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ നിരക്കുകളില്‍ ഇവ വിപണിയിലെത്തും.പ്രൊക്ടര്‍ ആന്റ് ഗംബ്ള്‍ ഇന്ത്യയും ജോണ്‍സണ്‍ & ജോണ്‍സനുമാണ് സാനിറ്ററി നാപ്കിന്‍ വിപണിയിലെ അതികായന്‍മാര്‍. 4500 കോടി രൂപയാണ് പ്രതിവര്‍ഷം സാനിറ്ററി നാപ്കിനുകളില്‍ നിന്നുമാത്രം കമ്പനികള്‍ക്കുണ്ടാകുന്ന വരുമാനം എന്നാണ് കണക്ക്.

സ്ത്രീപക്ഷ സംഘടനകളും മറ്റും നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കുകയാണ് എന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതോടെ ഇവയുടെ വില കുറയുമെന്നും സമൂഹത്തിലെ എല്ലാത്തട്ടിലുള്ള സ്ത്രീകള്‍ക്കും വാങ്ങി ഉപയോഗിക്കന്‍ സാഹചര്യം ഉണ്ടാകുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നാമമാത്രമായ കുറവേ വിലയില്‍ ഉണ്ടാകൂ എന്നാണ് വ്യക്തമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com