പ്രതിപക്ഷസഖ്യം ജയിച്ചിട്ടും വോട്ടുകുറഞ്ഞു, തോറ്റ ബിജെപിക്ക് വോട്ടുകൂടി; യുപി ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില ഇങ്ങനെ

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍  നേടിയ മിന്നുന്ന വിജയത്തില്‍ ആഘോഷിക്കുന്ന വിശാലസഖ്യത്തിന് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ആശങ്കയുളവാക്കുന്ന കണക്കുകള്‍
പ്രതിപക്ഷസഖ്യം ജയിച്ചിട്ടും വോട്ടുകുറഞ്ഞു, തോറ്റ ബിജെപിക്ക് വോട്ടുകൂടി; യുപി ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍  നേടിയ മിന്നുന്ന വിജയത്തില്‍ ആഘോഷിക്കുന്ന വിശാലസഖ്യത്തിന് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ആശങ്കയുളവാക്കുന്ന കണക്കുകള്‍. കൈരാന,നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലാണ് ബിജെപിയെ ഞെട്ടിച്ച് വിശാലസഖ്യം മിന്നുന്ന വിജയം നേടിയത്. കൈരാനയില്‍ റെക്കോഡ് നേട്ടവുമായി ബിജെപിയില്‍ നിന്നും വിശാലസഖ്യം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. നൂര്‍പൂരിലും സ്ഥിതി വ്യത്യസ്തമല്ല. 

നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം 94,866 വോട്ടുകളാണ് നേടിയത്. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും സഖ്യം ചേര്‍ന്നാണ് ഇവിടെ ബിജെപിക്കെതിരെ മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പ് കണക്കുകളാണ് വിജയത്തില്‍ ആഘോഷിക്കുമ്പോള്‍ തന്നെ വിശാലസഖ്യത്തെ ആശങ്കപ്പെടുത്തുന്നതും. 2017ല്‍ മൂന്ന് പാര്‍ട്ടികളും പ്രത്യേകമായാണ് മത്സരിച്ചതെങ്കിലും ഇവരുടെ മൊത്തം വോട്ടുകള്‍ പരിശോധിച്ചാല്‍ 1,14,510 വോട്ടുകള്‍ നേടിയതായി കാണാം. അങ്ങനെയെങ്കില്‍ ഇത്തവണ 20,000 വോട്ടുകളുടെ കുറവാണ് വിശാല സഖ്യത്തിന് ഉണ്ടായിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ബിജെപിയുടെ അവകാശവാദം. വിശാലസഖ്യത്തില്‍ നിന്നും വ്യത്യസ്തമായി വോട്ടുകളുടെ എണ്ണം വര്‍ധിച്ചതാണ് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന നൂര്‍പൂരില്‍ ബിജെപിയുടെ അവനിസിങ് പതിനായിരം വോട്ടുകള്‍ അധികം പിടിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഉത്തര്‍പ്രദേശിലെ ഏക മുസ്ലീം എംപിയായ ആര്‍എല്‍ഡിയുടെ തബസൂം ഹസന്‍  വിജയിച്ച കൈരാനയിലെ തെരഞ്ഞെടുപ്പ് കണക്കുകളും വിശാലസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിന് 5.32ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വോട്ടുകളുടെ എണ്ണം 4.81 ലക്ഷമായി താഴ്ന്നു. ഏകദേശം 50,000 വോട്ടുകളുടെ കുറവാണുണ്ടായത്.മുസ്ലീങ്ങളും,ദലിതുകളും, ജാട്ടുകളും പൂര്‍ണമായി വിശാലസഖ്യത്തിന് പിന്നില്‍ അണിനിരന്നതാണ് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണമെന്ന് ബിജെപി വാദിക്കുന്നു. ബിജെപിയ്ക്കും പ്രതീക്ഷ നല്‍കുന്നതല്ല തെരഞ്ഞെടുപ്പ് കണക്കുകള്‍. മുന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.30 ലക്ഷം വോട്ടുകളാണ് ബിജെപിക്ക് നഷ്ടമായത്. ഇത് വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് മൂലമാണെന്ന വിചിത്ര വാദമാണ് ബിജെപി ഉന്നയിക്കുന്നത്.  വോട്ടിങ് ശതമാനത്തില്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നതാണ് ഇതിന് മുഖ്യകാരണമെന്ന് ബിജെപി വാദിക്കുന്നു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികള്‍ പ്രത്യേകം മത്സരിച്ചപ്പോള്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് വിശാലസഖ്യം ഗൗരവത്തോടെ പരിശോധിക്കുമെന്നാണ് വിലയിരുത്തല്‍. വരുന്ന തെരഞ്ഞെടുപ്പില്‍ അതാത് പാര്‍ട്ടികളുടെ വോട്ടുബാങ്ക് നിലനിര്‍ത്താനുളള തന്ത്രങ്ങള്‍ക്ക് വിശാലസഖ്യം രൂപം നല്‍കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com